തിരുവനന്തപുരം:ആര്യനാട് പഞ്ചായത്തംഗം എസ്.ശ്രീജയെ മരിച്ച നിലയില്‍ കണ്ടെത്തി. ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. അതേസമയം, ശ്രീജയെ സിപിഎം മാനസികമായി പീഡിപ്പിച്ചെന്ന് കോണ്‍ഗ്രസും ശ്രീജയുടെ ഭര്‍ത്താവും ആരോപിച്ചു. ശ്രീജയുടെ വ്യക്തിപരമായ സാമ്പത്തികബാധ്യത ചൂണ്ടിക്കാട്ടി ശ്രീജയ്ക്കെതിരെ സിപിഎം നാട്ടില്‍ പോസ്റ്റര്‍ ഒട്ടിക്കുകയും അപമാനിക്കുകയും ചെയ്തതില്‍ ശ്രീജ മാനസികവിഷമം നേരിട്ടിരുന്നു.
ഇന്നലെ ശ്രീജയ്ക്കെതിരെ സിപിഎം പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു. മൈക്രൊ ഫിനാന്‍സുകളില്‍ നിന്നെടുത്ത പണം തിരിച്ചുകൊടുക്കാത്തത് തട്ടിപ്പ് എന്നായിരുന്നു സിപിഎമ്മിന്‍റെ ആരോപണം. ഇതില്‍ മനോവിഷമത്തിലായിരുന്നു ശ്രീജ. ഇക്കാര്യം തന്‍റെ ഭര്‍ത്താവിനോട് ശ്രീജ പങ്കുവെച്ചിരുന്നെന്നും റോഡില്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പറഞ്ഞ് കരഞ്ഞിരുന്നെന്നും ശ്രീജയുടെ ഭര്‍ത്താവ് പറഞ്ഞു.
സിപിഎം ശക്തികേന്ദ്രത്തില്‍ നിന്നും ജയിച്ചുവന്ന ശ്രീജയെ സിപിഎം വ്യക്തിപരമായി ആക്രമിക്കുകയായിരുന്നെന്നും വ്യക്തിപരമായ സാമ്പത്തിക ബാധ്യതയുടെ പേരില്‍ ശ്രീജയെ സിപിഎം കടന്നാക്രമിക്കുകയായിരുന്നെന്നും വ്യക്തിഹത്യ ചെയ്യുകയായിരുന്നെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ശ്രീജയ്ക്ക് 60 ലക്ഷംരൂപയുടെ ബാധ്യത വന്നെന്നും കടംവീട്ടാന്‍ ഭൂമി വില്‍ക്കാന്‍ തയ്യാറെടുത്തിരുന്നെന്നും കോണ്‍ഗ്രസ് പറഞ്ഞു.