തിരുവനന്തപുരം: ഓപ്പറേഷൻ ഓണ്‍ വീൽസ് എന്ന പേരിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേടുകൾ. ജൂലായ് 19-ന് നടന്ന പരിശോധനയുടെ അന്വേഷണവിവരങ്ങളാണ് വിജിലൻസ് പുറത്തുവിട്ടത്.
എറണാകുളം ജില്ലയിലെ ഒരു സബ് ആർ.ടി.ഓഫീസിലെ വിരമിക്കൽച്ചടങ്ങിന് നാലു സ്വർണ മോതിരം വാങ്ങാൻ ഡ്രൈവിങ് സ്കൂളുകളിൽ നിന്ന് നിർബന്ധിത പണപ്പിരിവ് നടത്തിയെന്ന വിവരമാണ് പുറത്തുവന്നത്. ഭൂരിഭാഗം ഉദ്യോഗസ്ഥരും ഡൈവിങ് സ്കൂളുകളിൽ കൃത്യമായി പരിശോധ നടത്താറില്ലെന്നും വിജിലൻസ് റെയ്ഡിൽ വ്യക്തമായി.
മലപ്പുറം, കണ്ണൂർ ജില്ലകളിൽ ലൈസൻസില്ലാതെ സ്കൂളുകളും പ്രവർത്തിച്ചു. ഡ്രൈവിങ് പരിശീലനത്തിനും ടെസ്റ്റിനും ഉപയോഗിക്കുന്ന പല വാഹനങ്ങൾക്കും ഫിറ്റ്നസ്, ഇൻഷുറൻസ്, പൊലൂഷൻ സർട്ടിഫിക്കറ്റ് എന്നിവയും ഉണ്ടായിരുന്നില്ല. ഡ്രൈവിങ് ടെസ്റ്റു കൾ ക്യാമറയിലും പകർത്തിയിരുന്നില്ല.
ഏജൻറുമാരിൽ നിന്നും കൈക്കൂലി വാങ്ങിയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി മുന്നോട്ടുപോകുകയാണ് വിജിലൻസ്. വിശദമായി പരിശോധനക്കു ശേഷമാണ് 112 ഉദ്യോഗസ്ഥർക്കെതിരെ തുടർനടപടി സ്വീകരിക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം തീരുമാനിച്ചു. 72 ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല നടപടിക്കും, 40 ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുക്കാനുമാണ് സർക്കാരിനോട് വിജിലൻസ് ശുപാർശ ചെയ്തത്. അപേക്ഷരുടെയും ടെസ്റ്റ് പാസേകേണ്ടവരുടെയും വിവരങ്ങള്‍ ഏജൻറുമാർ വാട്സ് ആപ്പ്, ടെലഗ്രാം വഴി കൈമാറിയതായും കണ്ടെത്തി.