തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിന് കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ഫോർ ഫ്രീഡം കഫറ്റീരിയയിൽ നിന്ന് 4 ലക്ഷം രൂപ മോഷ്ടിച്ച പ്രതി പൊലിസ് പിടിയിലായി. പോത്തൻകോട് സ്വദേശിയായ മുഹമ്മദ് അബ്ദുൾ ഹാദി (26)യെ തിരുവല്ലയിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഒട്ടേറെ മോഷണ കേസുകളിൽ ഉൾപ്പെട്ട പ്രതി, കേരളത്തിലെ പ്രധാന ജയിലുകളിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ 18-നാണ് കഫറ്റീരിയയിൽ നിന്ന് പണം മോഷണം പോയത്. തടവുകാർ ഉൾപ്പെടെ നടത്തുന്ന കഫറ്റീരിയയിൽ ട്രഷറിയിൽ അടയ്ക്കാൻ വച്ചിരുന്ന 4 ലക്ഷം രൂപയാണ് കവർന്നത്. മോഷണ കേസിൽ മുമ്പ് ജയിൽ ശിക്ഷ അനുഭവിച്ച അബ്ദുൾ ഹാദി, ജയിലിന്റെ ക്യാന്റീനിൽ ജോലി ചെയ്തിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് പ്രതി ഈ മോഷണം നടത്തിയത്. സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നതിനാൽ പ്രതിയെ കണ്ടെത്താൻ പൊലിസിന് ബുദ്ധിമുട്ടേണ്ടി വന്നു.
അബ്ദുൾ ഹാദിക്ക് മോഷണ കേസുകളിൽ വിപുലമായ റെക്കോർഡുണ്ട്. ചേർത്തലയ്ക്ക് സമീപം ഒരു ഡിവൈഎസ്പിയുടെ കാർ മോഷ്ടിച്ച കേസിലും അബ്ദുൾ ഹാദി പ്രതിയാണ്. കഴിഞ്ഞ വർഷം കാസർഗോഡ് നടന്ന മോഷണ കേസിൽ അന്വേഷണത്തിനെത്തിയ പൊലിസ് ഇയാളെ സേലം ജയിലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ ഒരു ജ്വല്ലറിയിൽ വിറ്റ 1.5 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണം ബേക്കൽ പൊലിസ് കണ്ടെടുത്തിരുന്നു. തിരുവനന്തപുരം, ആലപ്പുഴ ഉൾപ്പെടെ വിവിധ പൊലിസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.