ജമ്മുവിലെ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 13 ആയി. വൈഷ്ണോദേവി ക്ഷേത്രത്തിന് അടുത്തുണ്ടായ മണ്ണിടിച്ചിലിൽ മാത്രം 9 പേരാണ് മരിച്ചത്. 21 പേർക്ക് പരുക്കേറ്റു. ദോഡയിലെ മിന്നൽ പ്രളയത്തിൽ നാലു പേരും മരിച്ചിരുന്നു. ദോഡ, ജമ്മു , ഉദ്ധംപൂർ എന്നിവിടങ്ങളിൽ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. റോഡുകളും പാലങ്ങളും മുങ്ങിയത് ഗതാഗതത്തെയും ബാധിച്ചു. 22 ട്രെയിനുകൾ റദ്ധാക്കിയിട്ടുണ്ട്. വിവിധ റെയിൽവെ സ്റ്റേഷനുകളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സ്ഥിതിഗതികളെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
കനത്ത മഴ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയെ തുടർന്ന് ജമ്മു മേഖലയിലെ നിരവധി അന്തർ സംസ്ഥാന റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ദേവക് നദിയിലെ പാലത്തിന്റെ തൂൺ തകർന്നതിനെത്തുടർന്ന് സാംബയിലെ വിജയ്പൂരിന് സമീപം ജമ്മു-പത്താൻകോട്ട് ദേശീയ പാതയിലെ ഗതാഗതം നിർത്തിവച്ചതായി പൊലീസ് അറിയിച്ചു. ജമ്മു, കത്വ ഭാഗങ്ങളിൽ നിന്നുള്ള ഗതാഗതം പൂര്‍ണമായി നിർത്തിവച്ചിരിക്കുകയാണ്. തുടർച്ചയായ മഴയെ തുടർന്ന് നിരവധി നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജമ്മു നഗരത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 250 മില്ലിമീറ്ററിലധികം മഴയാണ് ലഭിച്ചത്