കൊച്ചി: എറണാകുളം നോര്‍ത്ത് പാലത്തില്‍വെച്ച് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ബാറില്‍വെച്ച് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു സംഭവം. തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ യുവാവിനെ മര്‍ദിച്ച് കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. അതേസമയം, അറസ്റ്റിലായ സോനമോളുടെ പരാതിയില്‍ എതിര്‍സംഘത്തില്‍പ്പെട്ട ഒരാള്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
അതിനിടെ, യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘത്തില്‍ നടി ലക്ഷ്മി മേനോനും ഉള്‍പ്പെട്ടിരുന്നതായാണ് പോലീസ് പറയുന്നത്. കേസില്‍ ലക്ഷ്മി മേനോനെയും പോലീസ് തിരയുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് നടിയെയും പോലീസ് ചോദ്യംചെയ്യുമെന്നാണ് സൂചന. അതേസമയം, നടി ഒളിവില്‍പോയിരിക്കുകയാണെന്നും വിവരങ്ങളുണ്ട്.