മാനന്തവാടി:മാനന്തവാടിയിലെ ഇന്ത്യൻ കോഫി ഹൗസിൽ പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. ഇന്ന് (ഓഗസ്റ്റ് 27) രാവിലെ ഒമ്പതരയോടെയാണ് സംഭവം. അഗ്നിരക്ഷാസേനയുടെ സമയോചിതവും വേഗത്തിലുള്ളതുമായ ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി. കോഫി ഹൗസിലെ അടുക്കള ഭാഗത്ത് പാചകവാതക സിലിണ്ടറിൽ നിന്ന് വാതകം ചോർന്നതാണ് തീപിടിത്തത്തിന് കാരണമായത്. വിവരമറിഞ്ഞ് ഉടൻ തന്നെ മാനന്തവാടി അഗ്നിരക്ഷാസേനാ യൂണിറ്റ് സ്ഥലത്തെത്തി. സേനാംഗങ്ങൾ അതിവേഗം തീ നിയന്ത്രണവിധേയമാക്കുകയും സിലിണ്ടർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ഇതോടെയാണ് മറ്റ് അപകടങ്ങൾ ഒഴിവായത്.