കൊല്ലം: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവതിയുടെ കാൽ അറ്റുപോയി. കോട്ടയം തിരുവാതുക്കൽ സ്വദേശിനി പ്രീതിലാൽ (45) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം.
വഞ്ചിനാട് എക്സ്പ്രസിലാണ് പ്രീതിലാൽ കരുനാഗപ്പള്ളി സ്റ്റേഷനിലെത്തിയത്. ഇവിടെ ഇറങ്ങിയ യുവതി പ്ലാറ്റ്‌ഫോമിൽ നിന്ന് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു. അതേ സമയം തന്നെ ലൂപ്പ് ട്രാക്കിലൂടെ വേഗത കുറച്ച് വന്ന മറ്റൊരു ട്രെയിൻ ഇവരുടെ ദേഹത്ത് തട്ടി. ട്രെയിനിന്റെ തള്ളലിൽ ട്രാക്കിലേക്ക് വീണ പ്രീതിലാലിന്റെ സാരി ട്രാക്കിൽ കുടുങ്ങിയതോടെ കാൽ പുറത്തേക്ക് എടുക്കാൻ സാധിക്കാതെയായി. തുടർന്ന് ട്രെയിൻ കയറി കാൽ അറ്റുപോവുകയായിരുന്നു.
സംഭവം കണ്ട സമീപവാസിയായ കുഞ്ഞുമോൻ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് എത്തി. അറ്റുപോയ കാൽ സഹിതം പ്രീതിലാലിനെ ആംബുലൻസിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഫോണിലേക്ക് വന്ന കോളിലൂടെയാണ് യുവതിയെ തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞ് ബന്ധുക്കൾ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിലെത്തി. ഗുരുതരമായി പരിക്കേറ്റതിനാൽ അറ്റുപോയ കാൽ തുന്നിച്ചേർക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.