പേരാമ്പ്ര: ചെറുവണ്ണൂര്‍ ആവളയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി ശിവ (49), വടക്കേ കാവല്ലൂര്‍ ശങ്കരന്‍ (65), ഓരാംപോക്കില്‍ അയന (22), തൈക്കണ്ടി നദീറ (50) ചാലില്‍ മീത്തല്‍ മുഹമ്മദ് സാലിഹ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്‍സ്യൂമര്‍ഫെഡിന്റെ ഗോഡൗണിലേക്ക് അരിയുമായി വന്ന ലോറിയുടെ ഡ്രൈവറാണ് ശിവ. ശിവക്ക് ആവള കുട്ടോത്ത് മിനി ഇന്‍ഡ്രസ്റ്റീയലിന് സമീപത്ത് വെച്ചാണ് തെരുവുനായ ആക്രമിച്ചത്. ശങ്കരന് തറമല്‍ അയ്യപ്പ ക്ഷേത്രത്തിന് സമീപം വെച്ചും അയന, നദീറ എന്നിവരെ വീട്ടില്‍ വച്ചും മുഹമ്മദ് സാലിഹിന് കാരയില്‍ നടയില്‍ വെച്ചുമാണ് കടിയേറ്റത്.
ആവള പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലായി തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളും സ്ത്രീകളും ഭീതിയില്‍ കഴിയുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രശ്‌നം നിയന്ത്രിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.