എരൂർ: 9 വയസ് മാത്രമുള്ള മകനെ 26 നായകൾക്കൊപ്പം വാടക വീട്ടിൽ ഉപേക്ഷിച്ച് യുവാവ് മുങ്ങി. അച്ഛനെ കാണാതെ വിദേശത്ത് ജോലി ചെയ്യുന്ന അമ്മയെ വിളിച്ച് സഹായം തേടി നാലാം ക്ലാസുകാരൻ. ഒടുവിൽ പൊലീസെത്തി കുഞ്ഞിനെ രക്ഷിച്ചു. എറണാകുളം തൃപ്പൂണിത്തുറ എരൂരിലാണ് സംഭവം. ഞായറാഴ്ചയാണ് നാലാം ക്ലാസുകാരന്റെ പിതാവ് വാടക വീട്ടിൽ നിന്ന് മുങ്ങിയത്. ഇയാൾ വളർത്തിയിരുന്ന നായ്ക്കൾ ബഹളം വച്ച് വലിയ രീതിയിൽ ശല്യം ഉണ്ടാക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അൻപതിനായിരം രൂപ വരെ വില വരുന്ന നായകളെ നാലാം ക്ലാസുകാരനെ ഏൽപ്പിച്ച് യുവാവ് മുങ്ങിയത്. ഭക്ഷണം വെള്ളവും കിട്ടാതെ വന്നതോടെ നായകൾ അസ്വസ്ഥരായി ബഹളം വച്ചതിന് പിന്നാലെ നാലാം ക്ലാസുകാരൻ ജർമനിയിൽ ജോലി ചെയ്യുന്ന അമ്മയെ ബന്ധപ്പെട്ട് വിവരം അറിയിക്കുകയായിരുന്നു. ഇവർ വിവരം അറിയിച്ചതിനേ തുടർന്ന് എരൂരിലെ വാടക വീട്ടിലേക്ക് പൊലീസുകാരെത്തുകയായിരുന്നു.
കുട്ടിയെ അമ്മയുടെ രക്ഷിതാക്കൾക്ക് പൊലീസ് കൈമാറി. വിശന്നുവലഞ്ഞ നായകളെ സൊസൈറ്റി ഫോര്‍ ദ് പ്രിവന്‍ഷന്‍ ഓഫ് ക്രുവെല്‍റ്റി ടു അനിമല്‍സ് എന്ന സംഘടന ഏറ്റെടുക്കുകയായിരുന്നു. മൂന്നു മാസം മുന്‍പാണ് സുധീഷ് എസ് കുമാര്‍ എന്നയാള്‍ എരൂര്‍ അയ്യംപിള്ളിച്ചിറ റോഡില്‍ നാലാം ക്ലാസുകാരനായ കുട്ടിയുമായി വീടു വാടകയ്ക്ക് എടുത്തത്. മുന്തിയ ഇനം നായ്ക്കളെയും വീട്ടിലേക്കു കൊണ്ടുവന്നിരുന്നു. നായ്ക്കളുടെ ശല്യത്തെക്കുറിച്ച് സമീപവാസികളുടെ പരാതിയില്‍ നഗരസഭ നോട്ടീസ് നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് യുവാവ് വീടു വിട്ടത്. പുറത്തേക്ക് പോയ അച്ഛൻ രാത്രിയായിട്ടും മടങ്ങി വരാതെ വന്നതോടെയാണ് മകൻ ജര്‍മ്മനിയില്‍ ജോലി ചെയ്യുന്ന അമ്മയെ വിവരം അറിയിച്ചത്. തുടര്‍ന്ന് അമ്മ 112 ല്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. 30000 രൂപ മുതല്‍ 50000 രൂപ വരെ വിലവരുന്ന നായ്ക്കളെയാണ് കുട്ടിക്കൊപ്പം വീട്ടിലാക്കി യുവാവ് വീടുവിട്ടുപോയത്.