തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ ഉറച്ച് നിൽക്കുന്നതായി പരാതിക്കാരിയായ യുവതി. കൃഷ്ണകുമാർ തന്റെ പരാതിയെ കുടുംബപ്രശ്നമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും, പൊലിസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നും യുവതി ആരോപിച്ചു. പൊലിസിന്റെ അന്വേഷണം കൃഷ്ണകുമാറിന് അനുകൂലമായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നുവെന്നും യുവതി മാധ്യമങ്ങൾക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.
കൃഷ്ണകുമാറിന്റെ മർദനത്തിൽ തനിക്ക് ഗുരുതര പരിക്കേറ്റിരുന്നുവെന്നും, അന്ന് ചികിത്സാ സഹായം നൽകിയത് ബിജെപി നേതാവ് സുരേഷ് ഗോപിയാണെന്നും യുവതി വെളിപ്പെടുത്തി. കൂടാതെ, പാലക്കാട് നഗരസഭയിലെ ഒരു വനിതാ ഉദ്യോഗസ്ഥയോട് കൃഷ്ണകുമാർ മോശമായി പെരുമാറിയെന്നും, ആ ഉദ്യോഗസ്ഥയെ പിന്നീട് സ്ഥലം മാറ്റി കേസ് ഒതുക്കിയെന്നും യുവതി ആരോപിച്ചു. ഈ വിഷയത്തിൽ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ ഇടപെടണമെന്നും യുവതി ആവശ്യപ്പെട്ടു.
അതേസമയം, സി കൃഷ്ണകുമാർ ആരോപണങ്ങൾ നിഷേധിച്ചു. യുവതി ഉയർത്തിയ ലൈംഗിക പീഡന പരാതി, സ്വത്ത് തർക്ക കേസിന് ബലം നൽകാനുള്ള ശ്രമമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. തനിക്കെതിരെ യുവതി രണ്ട് പരാതികൾ ഉന്നയിച്ചിരുന്നുവെന്നും, 2023-ൽ സ്വത്ത് തർക്ക കേസിൽ തനിക്ക് അനുകൂലമായ ഉത്തരവ് ലഭിച്ചതായും കൃഷ്ണകുമാർ വ്യക്തമാക്കി. പരാതിയിൽ കഴമ്പില്ലെന്ന് പൊലിസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നുവെന്നും, ഏത് തരത്തിലുള്ള അന്വേഷണത്തിനും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ വിശദീകരണം ആവശ്യപ്പെട്ടാൽ നൽകുമെന്നും, പ്രതിപക്ഷ നേതാവിന് സന്ദീപ് വാര്യരെ അറിയില്ലെന്ന് തോന്നുന്നുവെന്നും കൃഷ്ണകുമാർ പരിഹസിച്ചു.