കോഴിക്കോട്:ബ്രിക്സ് രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രമുഖ മുസ്ലിം പണ്ഡിതന്മാരും ഗവേഷകന്മാരും പങ്കെടുക്കുന്ന ബ്രസീൽ ഇസ് ലാമിക് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ പ്രമുഖ മത പണ്ഡിതൻ ഡോ.ഹുസൈൻ മടവൂരിന്ന് ക്ഷണം . ബ്രസീലിൻ്റെ പൈതൃക സാംസ്കാരിക നഗരമായ റിയോ ഡി ജെനീറോവിൽ സെപ്തംമ്പർ മൂന്ന് മുതൽ അഞ്ച് വരെയുള്ള തീയതികളിലാണ് ഉച്ച കോടി നടക്കുന്നത്.
ബ്രിക്സ് അംഗരാജ്യങ്ങളായ ബ്രസീൽ, റഷ്യ , ഇന്ത്യ , ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഇന്തോനേഷ്യ,
യു . എ . ഇ , ഇറാൻ, എത്യോപ്യ എന്നീ രാഷ്ട്രങ്ങളിൽ നിന്നും തെക്കെ അമേരിക്കയിലെ പ്രധാന രാഷ്ട്രങ്ങളിൽ നിന്നുമുള്ള പ്രതിനിധികളാണ് പങ്കെടുക്കുക. കൂടാതെ അമ്പത്തിയേഴ് മുസ്‌ലിം രാഷ്ട്രങ്ങളുടെ ആഗോള കൂട്ടായ്മയായ ഓർഗനൈസേഷൻസ് ഓഫ് ഇസ്‌ലാമിക് കോ- ഓർഡിനേഷൻസ് ( ഒ ഐ സി ), കസാഖിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ മതകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള പ്രതിനിധികളുമുണ്ടാവും. നൂറ് പണ്ഡിതന്മാരാണ് ഈ ത്രിദിന ഉച്ചകോടിയിൽ പങ്കെടുക്കുക. ഇന്ത്യയിൽ നിന്നുള്ള ഏകപ്രതിനിധിയാണ് ഡോ. ഹുസൈൻ മടവൂർ. ഫെഡറേഷൻ ഓഫ് ബ്രസീൽ മുസ്ലിം അസോസിയേഷൻസ് , റിലീജിയസ് ബോർഡ് ഓഫ് മുസ്‌ലിംസ് റഷ്യ , യു എ ഇയിലെ മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഫോർ ഹ്യുമാനിറ്റീസ് തുടങ്ങിയ സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ലോക സമാധാനം, മതവും മാനവികതയും , തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുക. വിവിധ മതവിഭാഗങ്ങൾക്കിടയിലും മുസ്ലിംകൾക്കിടയിലുമുള്ള വ്യത്യസ്ത ചിന്താധാരകൾക്കിടയിലും സൗഹാർദ്ദവും സഹിഷ്ണുതയും വളർത്താൻ കർമ്മ പദ്ധതികളാവിഷ്കരിക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം.
കോഴിക്കോട്ടെ പ്രമുഖ വിദ്യാഭ്യാസ സമുച്ചയമായ നരിക്കുനി മലബാർ എജ്യു സിറ്റിയുടെയും ഡൽഹിയിലെ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ (എഛ് ആർ ഡി എഫ് ) ൻ്റെയും ചെയർമാൻ എന്ന നിലയിലാണ് ഹുസൈൻ മടവൂരിന്ന് ക്ഷണം ലഭിച്ചത്. ബഹുസ്വര സമൂഹത്തിലെ മതജീവിതം എന്ന വിഷയത്തിൽ അദ്ദേഹം സമ്മേളനത്തിൽ പ്രബന്ധവും അവതരിപ്പിക്കും.
നേരത്തെ അമേരിക്ക, ബ്രിട്ടൺ , കംബോഡിയ, തായ്ലൻ്റ്, ഈജിപ്ത് , മലേഷ്യ , ഇന്തോനേഷ്യ, സൗദി അറേബ്യ, മറ്റ് ഗൾഫ് രാജ്യങ്ങൾ തുടങ്ങിയ നിരവധി രാഷ്ട്രങ്ങളിൽ നടന്ന ഇസ്‌ലാമിക സമ്മേളങ്ങളിലും അറബി ഭാഷാ സെമിനാറുകളിലും ഡോ. ഹുസൈൻ മടവൂർ പങ്കെടുത്തിട്ടുണ്ട്. ഹാർവാർഡ് യൂണിവേഴ്സിറ്റി, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, അൽ അസ്ഹർ യൂണിവേഴ്‌സിറ്റി, മദീന ഇസ്‌ലാമിക് യൂണിവേഴ്സിറ്റി തുടങ്ങിയ ലോകപ്രസിദ്ധ സർവ്വകലാ ശാലകൾ സന്ദർശിച്ചിട്ടുണ്ട്. ഡൽഹിയിലെ ഇന്ത്യാ ഇസ്‌ലാമിക് കൾച്ചറൽ സെൻ്റർ, പാർലിമെൻ്റ് ഓഫ് ഓൾ റിലിജ്യൻസ് , വേൾഡ് കൗൺസിൽ ഇൻ്റർ ഫെയ്ത് റിലേഷൻസ് തുടങ്ങിയവുടെ ആജീവനാന്ത അംഗം കൂടിയാണ് മടവൂർ. ഡൽഹി യൂണിവേഴ്സിറ്റി, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, ജാമിഅ മില്ലിയ്യ തുടങ്ങിയ കേന്ദ്ര സർവ്വകലാശാലകളിൽ യു ജി സി അദ്ധ്യാപക പരിശീലന കേമ്പുകളിൽ റിസോഴ് പേഴ്സൺ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഫാറൂഖ് റൗസത്തുൽ ഉലൂം അറബിക്കോളെജ്, സൗദിയിലെ മക്കാ ഉമ്മുൽഖുറാ യൂണിവേഴ്സിറ്റി, അലിഗർ മുസ്‌ലിം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ ഹുസൈൻ മടവൂർ കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് അറബി ഭാഷയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിൻ്റെ സംസ്ഥാന കോ- ഓഡിനേറ്റർ ആയി പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന സാക്ഷരതാസമിതി, സംസ്ഥാന വഖഫ് ബോർഡ് എന്നിവയിൽ അംഗമായിരുന്ന ഹുസൈൻ മടവൂർ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാമസ്ജിദ് ചീഫ് ഇമാമും കെ.എൻ.എം സംസ്ഥാന ഉപാദ്ധ്യക്ഷനുമാണ്.
ഫാറൂഖ് ആർ യു എ കോളെജിൽ നിന്നും പ്രിൻസിപ്പാൾ ആയി വിരമിച്ച ശേഷം കൊല്ലത്തെ ശ്രീ നാരായണ സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അറബി ഭാഷാ അക്കാദമിക്ക് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് സർവ്വകലാശാല അക്കാദമിക് കൗൺസിൽ, മഹാത്മാഗാന്ധി സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് എന്നിവയിൽ അംഗമായിരുന്നു. നിലവിൽ ബീഹാറിലെ ഇമാം ബുഖാരി യൂണിവേഴ്സിറ്റി ഗവേർണിംഗ് ബോഡി അംഗവും ചെന്നൈയിലെ ബി.എസ്.എ യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിൽ അംഗവുമാണ്. മതസൗഹാർദ്ദ മേഖലയിൽ പ്രവർത്തിക്കുന്ന എറണാകുളത്തെ കൗൺസിൽ ഫോർ കമ്മ്യൂണൽ ഹാർമണി ( സി.സി.സി) കോഴിക്കോട്ടെ മലബാർ ഇനിഷ്യേറ്റീഫ് ഫോർ കമ്മ്യൂണൽ ഹാർമണി (MISH - മിഷ് ) എന്നിവയുടെ സ്ഥാപക അംഗമാണ്.
അക്കാദമിക തലത്തിലും മതസൗഹാർദ്ദ മേഖലകളിലും നിർവ്വഹിക്കുന്ന പ്രശസ്ത സേവനങ്ങൾ പരിഗണിച്ചു കൂടിയായാണ് ബ്രസീൽ ഇസ്ലാമിക ഉച്ചകോടിയിലേക്ക് ഇന്ത്യൻ പ്രതിനിധിയായി ഹുസൈൻ മടവൂരിനെ തിരഞ്ഞെടുത്തത്. അദ്ദേഹം സപ്തംബർ രണ്ടിന്ന് ചൊവ്വാഴ്ച ബ്രസീലിലേക്ക് പുറപ്പെടും.