താമരശ്ശേരി ചുരം വഴി ചെറിയ വാഹനങ്ങൾ കടത്തി വിടുന്നുണ്ട്
ഇന്നലെ രാവിലെ 8 മണിക്ക് അടച്ച ചുരംപാത രാത്രി 2 മണിയോടെ തുറന്ന് കൊടുത്തു.മഴ മാറി നിന്നത് കൊണ്ട് ചെറിയ വാഹനങ്ങൾക്ക് മാത്രമാണ് യാത്ര അനുവദിച്ചത്.ഭാരമേറിയ വലിയ വാഹനങ്ങൾ ഒന്നും തന്നെ കടത്തി വിടുകയില്ല.ബസ്സുകൾക്കും ചുരത്തിലേക്ക് പ്രവേശനമില്ല എന്നാണ് വിവരം ലഭിച്ചത്.മഴ വീണ്ടും പെയ്‌താൽ വീണ്ടും ചുരം അടക്കും.
ജില്ലയില്‍നിന്ന് പുറത്തേക്കു പോകാനും ജില്ലയിലേക്കു വരാനും കഴിയാതെ ആളുകള്‍ വലഞ്ഞു. താമരശ്ശേരി ചുരത്തിലെ ഗതാഗതം നിലച്ചതോടെ പിന്നീടുള്ള ആശ്രയം കുറ്റ്യാടി ചുരമായി. ബുധനാഴ്ച കുറ്റ്യാടി ചുരത്തില്‍ വാഹനത്തിരക്കേറിയതോടെ ഗതാഗതക്കുരുക്കായി. അയല്‍ജില്ലയായ കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്കും തിരിച്ചങ്ങോട്ടുമുള്ള യാത്ര മണിക്കൂറുകള്‍ നീണ്ടു. താമരശ്ശേരി ചുരം അടഞ്ഞതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ വയനാട്ടിലേക്കുള്ള ഗതാഗതവും തകിടം മറിഞ്ഞു. ആളുകള്‍ യാത്രാക്ലേശത്തില്‍ വലഞ്ഞു.
ചൊവ്വാഴ്ച രാത്രിയെത്തിയ കുറച്ച് ചരക്കുവാഹനങ്ങള്‍ കുറ്റ്യാടിവഴി പോയെങ്കിലും ബുധനാഴ്ച പുലര്‍ച്ചെയും രാവിലെയും എത്തിയ ചരക്കുവാഹനങ്ങള്‍ ലക്കിടിയില്‍ നിര്‍ത്തിയിടേണ്ടിവന്നു. ലക്കിടിമുതല്‍ ചെറുതും വലുതുമായി ചരക്കുവാഹനങ്ങളുടെ നീണ്ടനിരതന്നെയുണ്ടായി. ബുധനാഴ്ച രാത്രിയായിട്ടും ഈ വാഹനങ്ങള്‍ക്ക് പോകാനും സാധിച്ചില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് രോഗികളുമായി പോകുന്ന ആംബുലന്‍സുകളെ മണ്ണിടിഞ്ഞ ഭാഗത്ത് വഴിയൊരുക്കിയാണ് കടത്തിവിട്ടത്. റോഡിലേക്കു വീണ കല്ലും മണ്ണും മരങ്ങളും മാറ്റുന്നതിനിടെയും ആംബുലന്‍സുകളെ കടത്തിവിട്ടു.
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലില്‍ ജില്ലയിലെ കെഎസ്ആര്‍ടിസി- സ്വകാര്യബസ് സര്‍വീസുകളും താളംതെറ്റി. കല്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി ഡിപ്പോകളില്‍നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകളെല്ലാം കുറ്റ്യാടി ചുരംവഴി സര്‍വീസ് നടത്തി. ചുരത്തിലെ ഗതാഗതക്കുരുക്ക് കാരണം വയനാട്ടില്‍നിന്ന് പോയതും വയനാട്ടിലേക്ക് വന്നതുമായ ദീര്‍ഘദൂര ബസുകളുടെയെല്ലാം സമയക്രമം തെറ്റി. മണിക്കൂറുകള്‍ വൈകിയാണ് ബസുകള്‍ ലക്ഷ്യസ്ഥാനത്തെത്തിയത്. ദീര്‍ഘദൂര ബസുകളില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ചെയ്ത യാത്രക്കാരെ ബസ് വൈകുന്ന വിവരം അധികൃതര്‍ ഫോണില്‍ വിളിച്ചറിയിച്ചു. ബസുകള്‍ വൈകിയതോടെ കുറ്റ്യാടി ബസ് സ്റ്റാന്‍ഡിലടക്കം കാത്തുനിന്ന് ജനങ്ങള്‍ വലഞ്ഞു.
കല്പറ്റ ഡിപ്പോയില്‍നിന്ന് കോഴിക്കോട്ടേക്ക് കുറ്റ്യാടി വഴി രണ്ടു സര്‍വീസുകള്‍ നടത്തി. കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന മറ്റു ബസുകള്‍ ലക്കിടി-സുല്‍ത്താന്‍ബത്തേരി, ലക്കിടി-മാനന്തവാടി സര്‍വീസുകളായി ഓടി. സുല്‍ത്താന്‍ബത്തേരി ഡിപ്പോയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍ ഒന്നും ഓടിയില്ല. യാത്രക്കാരുടെ ആവശ്യാനുസരണം ലക്കിടിവരെ സര്‍വീസ് നടത്തി. മാനന്തവാടി ഡിപ്പോയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള എട്ടു സര്‍വീസുകള്‍ കുറ്റ്യാടി വഴി നടത്തി. മൂന്നു സര്‍വീസുകള്‍ റദ്ദാക്കി. ഗതാഗതക്കുരുക്ക് കാരണം രാവിലെ അയച്ച ബസുകള്‍ വൈകീട്ടാണ് തിരികെയെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. കോഴിക്കോട്ടേക്കുള്ള ബൈ റൂട്ട് സര്‍വീസുകള്‍ ലക്കിടിവരെ സര്‍വീസ് നടത്തി മടങ്ങി. കോഴിക്കോട്ടേക്കുള്ള സ്വകാര്യബസുകള്‍ സര്‍വീസ് നടത്തിയില്ല.
ചുരം പാതയില്‍ മണിക്കൂറുകളോളം ഗതാഗതതടസ്സം നേരിട്ടതോടെ ആശുപത്രിയില്‍ പോകാന്‍പോലും വയനാട്ടിലുള്ളവര്‍ വലഞ്ഞു. യാത്രാദുരിതത്തില്‍ വയനാട്ടിലേക്കുള്ള ബദല്‍പ്പാതകളും ചര്‍ച്ചയായി. പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പ്പാത, ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ്, എയര്‍സ്ട്രിപ്പ് തുടങ്ങിയ പദ്ധതികളാണ് വീണ്ടും ചര്‍ച്ചയായത്. വയനാടിന്റെ യാത്രാദുരിതം മനസ്സിലാക്കി ബദല്‍പ്പാതകള്‍ക്കായി അധികൃതര്‍ കനിയുമോയെന്നാണ് ജനങ്ങളുടെ ചോദ്യം.