ന്യൂഡൽഹി: വാരണാസിയിലെ ഗ്യാൻവാപി പള്ളിയും മഥുരയിലെ ഈദ്‌ഗാഹും ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്ന ആവശ്യത്തെ ആർഎസ്എസ് പിന്തുണയ്ക്കുന്നമെന്ന വിവാദ പ്രസ്താവനയുമായി സംഘടനാ തലവൻ മോഹൻ ഭാഗവത്. ഈ സ്ഥലങ്ങളുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളിൽ പങ്കെടുക്കാൻ സംഘ സ്വയംസേവകർക്ക് സ്വാതന്ത്ര്യമുണ്ടെന്നും, മുസ് ലിം സമുദായം സ്വന്തം ഇഷ്ടപ്രകാരം ഈ സ്ഥലങ്ങൾ കൈമാറണമെന്നും ഭാഗവത് നിർദേശിച്ചു. ഇത്തരമൊരു നീക്കം സാഹോദര്യത്തിന്റെ വലിയ ചുവടുവയ്പ്പാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആർഎസ്എസ് ഈ പ്രസ്ഥാനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നില്ലെന്നും, അവർ മുമ്പ് രാമക്ഷേത്ര പ്രസ്ഥാനവുമായി മാത്രമാണ് സഹകരിച്ചിരുന്നതെന്നും ഭാഗവത് പറഞ്ഞു. എന്നാൽ, ഹിന്ദു സമൂഹത്തിന്റെ ഹൃദയത്തിൽ അയോധ്യ, കാശി, മഥുര എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും, ഈ സ്ഥലങ്ങൾ തിരികെ ആവശ്യപ്പെടാനുള്ള അവകാശം ഹിന്ദുക്കൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മുസ് ലിം പള്ളികളിലും ക്ഷേത്രമോ ശിവലിംഗമോ അന്വേഷിക്കേണ്ടതില്ലെന്നും ഭാഗവത് കൂട്ടിച്ചേർത്തു.
2019-ലെ അയോധ്യ വിധിയെ തുടർന്ന്, ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിർമിക്കാൻ അനുവദിച്ച സുപ്രീം കോടതി വിധിക്ക് ശേഷം, കാശിയിലും മഥുരയിലും പ്രക്ഷോഭങ്ങൾ ഏറ്റെടുക്കില്ലെന്ന് ആർഎസ്എസ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ ഗ്യാൻവാപി, മഥുര തർക്കങ്ങളിൽ ഹിന്ദു ക്ഷേത്രങ്ങൾ പുനർനിർമിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് ആർഎസ്എസ് സ്വീകരിച്ചിരിക്കുന്നത്