കണ്ണൂർ: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന എസ്ഐടി അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ഭാര്യ നൽകിയ ഹർജി തള്ളി കോടതി. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ലെന്ന് ചൂണ്ടിക്കാട്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി കേസ് തലശ്ശേരി സെഷൻസ് കോടതിയിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളുടേയും വിശദമായ വാദം കോടതി കേൾക്കുകയും. ഇതേതുടർന്ന് ഇന്ന് വിധി പറയാൻ മാറ്റി വെക്കുകയും ചെയ്തു. ഈ കേസ് പരിഗണിക്കവെയാണ് കോടതി നവീൻ ബാബിന്റെ കുടുംബത്തിന്റെ ഹർജി തള്ളിയത്.
എസ്ഐടി അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടികാണിച്ചുകൊണ്ടാണ് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ തുടരന്വേഷണത്തിനായി കോടതിയിൽ ഹര്‍ജി നൽകിയത്. കുറ്റപത്രത്തിലെ 13 പിഴവുകള്‍ ഹര്‍ജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പ്രതി ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജകേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ഹര്‍ജിയിൽ പറഞ്ഞത്. ശരിയായ അന്വേഷണം നടത്തിയാല്‍ വ്യാജ ആരോപണം തെളിയിക്കാന്‍ കഴിയും. വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തല്‍ പോലീസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല. പ്രശാന്തന്‍ പിപി ദിവ്യയുടെ ബെനാമി ആണെന്ന സൂചനയുണ്ടായിട്ടും അന്വേഷിച്ചില്ല. ഇലക്ട്രോണിക് തെളിവുകളില്‍ പലതിലും ക്രമക്കേട് ഉണ്ടെന്നും സിഡിആര്‍ പലതും ശേഖരിച്ചില്ലെന്നും ഹര്‍ജിയിൽ പറഞ്ഞിരുന്നു.
അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് കോടതിയെ സമീപിച്ച നവീൻ ബാബുവിന്റെ കുടുംബം കേസിൽ ഇതേ സംഘം തന്നെ പഴുതടച്ച് വീണ്ടും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട് ഇനി തുടരന്വേഷണം ഉണ്ടാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഹർജി തള്ളിയത്.