മലപ്പുറം: ചാലിശ്ശേരി സ്വദേശിനിയായ യുവതിയുടെ സ്വർണ്ണവും പണവും കവർന്ന കേസിൽ ഭിന്നശേഷിക്കാരായ രണ്ടുപേർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ചമ്രവട്ടം സ്വദേശി അരപ്പയില്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (26), ചാലിശ്ശേരി ആലിക്കര സ്വദേശി മേലേതലക്കല്‍ ബാസില്‍ (28) എന്നിവരാണ് അറസ്റ്റിലായത്. പരാതിക്കാരിയായ യുവതിയിൽ നിന്നും പ്രതികൾ ആറ് പവന്‍ ആഭരണങ്ങളും 52000 രൂപയും ആണ് തട്ടിയെടുത്തത്. ബധിരയും മൂകരുമായ യുവാക്കൾ തങ്ങളുടെ അവസ്ഥ മറയാക്കിയായിരുന്നു പരാതിക്കാരിയിൽ നിന്നും പണവും സ്വർണ്ണവും തട്ടിയത്. പിന്നീട് രക്ഷപെട്ട ഇരുവരെയും പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഇവർ തന്നെയാണ് പ്രതികളെന്ന് പോലീസ് ആദ്യഘട്ടത്തിൽ തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ തങ്ങളുടെ അവസ്ഥ കാണിച്ച് പ്രതികൾ അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചു. എന്നാൽ ഇവർ തന്നെയാണ് യുവതിയുടെ സ്വർണ്ണവും പണവും കവർന്നതെന്ന് ചാലിശ്ശേരി പോലീസ് കണ്ടെത്തി. ഇതിന് പിന്നാലെ ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. തട്ടിയെടുത്ത ആഭരണങ്ങൾ വിറ്റ കടയിൽ നിന്നും തിരിച്ചെടുത്തിട്ടുണ്ട്. പിടിയിലായ മുഹമ്മദ് റാഷിദിന്റെ പേരിൽ മുൻപ് തിരൂർ പോലിസ് കേസുണ്ടായിരുന്നുവെന്നാണ് വിവരം.