വയനാട് :ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽപെട്ട ചൂരൽമല, മുണ്ടകൈ തുടങ്ങിയ പ്രദേശങ്ങളിലുണ്ടാക്കിയ യാതനകളിലും വേദനകളിലും നിന്ന് മോചനം ലഭിക്കാത്ത വയനാട്ടിലെ ജനങ്ങൾ വീണ്ടും പ്രശ്നങ്ങളിൽ പെട്ടുകൊണ്ടിരിക്കുന്നു . മികച്ച ചികിത്സാ സംവിധാനങ്ങളൊ മെഡിക്കൽ കോളേജ് ആശുപത്രിയൊ ഇല്ലാത്ത വയനാട്ടിലെ രോഗികൾ ഇപ്പോൾ ആശ്രയിച്ചു വരുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിനെയാണ്.
യാത്ര സൗകര്യത്തിന് ആശ്രയിക്കുന്ന പ്രധാന റോഡിലാണ് താമരശ്ശേരി ചുരം. ഒന്നു മുതൽ ഒമ്പത് ഹെയർ പിൻ വളവുകളോടു കൂടിയ റോഡിലെ വാഹന ഗതാഗതകുരുക്ക് പലപ്പോഴും രോഗികളുമായി പോകുന്ന ആംബുലൻസുകൾ വരെ അനുഭവിക്കേണ്ടി വരുന്നു. വർഷങ്ങൾക്കു മുൻപ് കോഴിക്കോട് നിന്നും വയനാട്ടിലേക്കും അതുവഴി കർണാടകത്തിലേക്കും മറ്റും പോകാനായി ഉണ്ടാക്കിയ റോഡ് ഇന്ന് ഏറെ ശോചനീയമാണ്. തുടക്കത്തിൽ, കുറഞ്ഞ ചെറുവാഹനങ്ങളും മറ്റും ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്നു. നിത്യോപയോഗ സാധനങ്ങളടക്കമുള്ള ചരക്ക് വാഹനങ്ങൾ, അൻപത് ടൺ ഭാരമുള്ള ഹെവി വാഹനങ്ങൾ, റോഡിന്ന് താങ്ങാവുന്നതിലുമേറെയാണ്. ഇതുമൂലം റോഡിനും റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള ഉയർന്ന പ്രദേശങ്ങളിലും താഴെയുള്ള റോഡ് സൈഡ് വാളുകളിലും വൈബ്രേഷൻ അനുഭവപ്പെട്ടു വരുന്നു. വർഷകാലത്തെ ശക്തമായ മഴ വെള്ളം പാറകളിൽ പതിച്ച് താഴെ ഉറപ്പില്ലാത്ത മണ്ണിനെയും കല്ലിനെയും ഇളക്കി കൊണ്ടുപോകുന്നു. മതിയായ രീതിയിൽ റോഡിന് വീതി ഇല്ലായ്മയും ഡീറ്റെയിൻ വാളിന്റെ കുറവും മണ്ണിടിച്ചിൽ അടിക്കടി ഉണ്ടാക്കി കൊണ്ടിരിക്കുന്നു. റോഡിന്റെ കെട്ടുറപ്പും സ്റ്റെബിലിറ്റി ടെസ്റ്റുo പരിശോധനകളിലൂടെ ഇടയ്ക്കിടെ മോണിറ്റർ ചെയ്യുന്നില്ലന്ന് വേണം കരുതാൻ. അടുത്തകാലത്തായി, ടൂറിസ്റ്റുകളെ ഏറെ ആകർഷിച്ചുകൊണ്ടിരിക്കുന്ന വയനാടിനെ അലട്ടുന്ന മുഖ്യ പ്രശനം റോഡ് സൗകര്യക്കുറവ് തന്നെയാണ്. അടിയന്തിര ഘട്ടങ്ങളിൽ പോലും രോഗികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കാൻ പോലും കഴിയുന്നില്ല. വയനാടിന്റെ വികസനത്തിന്ന് വേണ്ടി പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചത് കൊണ്ടു മാത്രമായില്ല. ഏതൊരു പ്രദേശത്തിന്റെയും അടിസ്ഥാന വികസനം നിലകൊള്ളുന്നത് റോഡ് വികസനത്തിലൂടെയാണ്.
മേൽ സാഹചര്യത്തിൽ വളരെ അടിയന്തിര പ്രാധാന്യത്തോടുകൂടി റോഡ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സമയബന്ധിതമായ നടപടികളാണാവശ്യം.
. കേരള മുഖ്യമന്ത്രി,പുതുപ്പാടി, വൈത്തിരി പഞ്ചായത്ത് ഭരണ സമിതികൾ, തിരുവമ്പാടി, കൽപ്പറ്റ എംഎൽഎമാർ, വയനാട്, കോഴിക്കോട് എംപിമാർ, കോഴിക്കോട്, വയനാട് ജില്ല ഭരണകൂടം എന്നിവരുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നതോടെ താഴെപ്പറയുന്ന കാര്യങ്ങൾ, സർക്കാർ തലങ്ങളിലും ചർച്ച ചെയ്യപ്പെടുകയും പരിഹാരമുണ്ടാക്കുകയും ചെയ്യും. ചിലയിടങ്ങളിൽ ഭൂമി അക്വിസേഷൻ നടത്തുകയും, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ അനുമതിയും വേഗത്തിൽ തരപ്പെടുത്തുന്ന തരത്തിൽ വയനാട്ടിൽ നിന്നുള്ള മന്ത്രിയും ജനപ്രതിനിധികളും ചേർന്ന് കേരള സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയാണഭികാമ്യം. പാരിസ്ഥിതിക അനുമതിക്കായി കേന്ദ്ര സർക്കാരും നിന്നും അനുമതി ആവശ്യമുണ്ടെങ്കിൽ എംപിമാരും നടപടി സ്വീകരിക്കണം.
ഗതാഗത കുരുക്കുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി റാഫ് താഴെ പറയുന്ന കാര്യങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കുന്നു.
ഒന്നാമതായി, ചിപ്പിലിത്തോട് - മരുതിലാവ്-തളിപ്പുഴ ബൈപാസ് റോഡ് അടിയന്തരമായി നിർമ്മിക്കുക. ഏറ്റവും പണം ചിലവ് കുറഞ്ഞതും ഏറെ പ്രയോജനകരവുമായ ഈ റോഡ് കാലതാമസം കൂടാതെ നിർമ്മിച്ചു ഗതാഗതത്തിനായി തുറന്നു കൊടുക്കാനാകണം.
രണ്ടാമതായി, പടിഞ്ഞാറത്തറ - പൂഴിത്തോട് റോഡ്, തലപ്പുഴ- അമ്പായത്തോട് - കണ്ണൂർ എയർപോർട്ട് വരെ വികസിപ്പിച്ചെടുക്കുക.
മേൽ ഇരു റോഡുകളും അടിയന്തരമായി നിർമ്മിക്കുകയും തുരങ്ക പാത കൂടിയാകുന്നതോടെ വയനാട്ടിലേക്കുള്ള യാത്ര ദുരിതത്തിന് ഒരു പരിധിവരെ പരിഹാരമാകും.
ഗതാഗതക്കുരുക്കു മൂലം ഉണ്ടാകുന്ന സമയ നഷ്ടവും അത് പരിഹരിക്കാൻ വേണ്ടിയുള്ള മത്സര ഓട്ടവും , റോഡ് അപകടങ്ങൾ അധികരിക്കാനും നിരവധി ജീവനുകൾ വഴിയിൽ പൊലിയാൻ ഇട നൽകുന്നു. ഇക്കാര്യത്തിൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിന് ബഹുജന സംഘടനകളും ആയി ഒത്തൊരുമിച്ച് പ്രവർത്തിക്കുവാനും റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം കമ്മിറ്റിയും തയ്യാറാണ്.
അടിയന്തിര നടപടികൾക്കായി നിവേദനം സമർപ്പിക്കുന്നു.
റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം (RAAF) കമ്മിറ്റിക്കുവേണ്ടി
വയനാട് ജില്ല പ്രസിഡന്റ് മുഹമ്മദ് ഫാരിസ്
ജന:സെക്രട്ടറി
സജി മണ്ഡലത്തിൽ
,