സന: യെമനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു. സനയിലുണ്ടായ ഭീകരാക്രമണത്തില്‍ ഹൂതി പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവിയാണ് കൊല്ലപ്പെട്ടത്. പ്രതിരോധ മന്ത്രിയുള്‍പ്പെടെയുളള മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണമെന്ന് യെമന്‍ മാധ്യമ റിപ്പോര്‍ട്ടുകളെയും ഇസ്രയേല്‍ ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് യൂറോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യോമാക്രമണത്തില്‍ ഹൂതി പ്രതിരോധ മന്ത്രി മുഹമ്മദ് അല്‍ അതിഫിയും ചീഫ് ഓറ്റ് സ്റ്റാഫ് മുഹമ്മദ് അബ്ദുള്‍ കരീം അല്‍ ഗമാരിയും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇസ്രയേലിനെ ലക്ഷ്യമിട്ടാലുളള അനന്തര ഫലങ്ങളെക്കുറിച്ച് ഹൂതികള്‍ക്ക് നന്നായി അറിയാം എന്നാണ് വ്യോമാക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞത്. 'യെമനിലെ ഹൂതികള്‍ക്ക് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ഇസ്രയേലിനെതിരെ ആരെങ്കിലും കൈ ഉയര്‍ത്തിയാല്‍ അവന്റെ കൈ ഛേദിക്കപ്പെട്ടിരിക്കും'- കാറ്റ്‌സ് പറഞ്ഞു. ഇസ്രയേല്‍ യെമനിലെ ഹൂതി കേന്ദ്രത്തില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഇറാന്റെ നിര്‍ദേശപ്രകാരം അവരുടെ പിന്തുണയോടെ ഹൂതികള്‍ രാഷ്ട്രത്തെയും സഖ്യകക്ഷികളെയും ദ്രോഹിക്കുകയാണ് എന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചത്. ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍ ഹൂതിയുടെ റെക്കോര്‍ഡ് ചെയ്ത പ്രസംഗം കാണാന്‍ മുതിര്‍ന്ന ഹൂതി നേതാക്കളടക്കം ഒത്തുകൂടിയ വിവിധ സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.
ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് യെമനില്‍ രണ്ട് വിഭാഗങ്ങളുണ്ടാവുകയും രണ്ട് ഭാഗങ്ങളിലായി ഭരണം വിഭജിക്കപ്പെടുകയുമായിരുന്നു. യെമന്‍ തലസ്ഥാനമായ സന ഉള്‍പ്പെടെയുളള വടക്കന്‍ മേഖല ഭരിക്കുന്നത് ഇറാന്റെ പിന്തുണയുണ്ടെന്ന് ഇസ്രയേൽ ആരോപിക്കുന്ന ഹൂതികളാണ്. തെക്ക് ഏദന്‍ ആസ്ഥാനമായി പ്രസിഡന്റ് റഷാദ് അല്‍ അലിമിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര അംഗീകാരമുളള സര്‍ക്കാരാണ് ഭരിക്കുന്നത്. ഹമാസ്, ഹിസ്ബുളള എന്നീ സംഘടനകള്‍ ഉള്‍പ്പെടുന്ന ഇസ്രയേല്‍ വിരുദ്ധ സഖ്യത്തിന്റെ ഭാഗമാണ് ഹൂതികള്