ന്യൂഡൽഹി: ബംഗ്ല ഭാഷ സംസാരിക്കുന്നവരെ ബംഗ്ലാദേശി കുടിയേറ്റക്കാരായി കണക്കാക്കുന്ന സമീപനത്തെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി. ഭാഷയുടെ മാത്രം അടിസ്ഥാനത്തിൽ ഒരാളെ എങ്ങനെ വിദേശിയായി കണക്കാക്കാനാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ്മാരായ സൂര്യ കാന്ത്, ജോയ്മല്യ ബാഗ്ചി, വിപുൽ എം. പഞ്ചൗലി എന്നിവരടങ്ങിയ ബെഞ്ച് ശക്തമായ വിമർശനമുന്നയിച്ചത്. ബംഗ്ല ഭാഷ സംസാരിക്കുന്നുവെന്ന ഒറ്റക്കാരണത്താൽ രാജ്യത്ത് ആളുകളെ ബംഗ്ലാദേശികളെന്നാരോപിച്ച് കസ്റ്റഡിയിലെടുക്കുന്നുണ്ടോയെന്ന് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറലിനോട് ബെഞ്ച് ചോദിച്ചു. ബംഗാളി സംസാരിക്കുന്ന തൊഴിലാളികളെ വിദേശികളെന്നാരോപിച്ച് ജയിലടക്കുകയും നാടുകടത്തുകയും ചെയ്യുന്ന വിവിധ സംസ്ഥാന സർക്കാറുകളുടെ നടപടിക്കെതിരായ ഹരജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
ഇന്ത്യയിൽ ഒരാൾ സംസാരിക്കുന്ന ഭാഷയുടെ അടിസ്ഥാനത്തിൽ പൗരത്വം തീരുമാനിക്കാൻ കഴിയുമോയെന്ന് ജസ്റ്റിസ് ബാഗ്ചി ചോദിച്ചു. രാജ്യത്തുനുള്ളിലുള്ള ഏതൊരു വ്യക്തിയെയും നിയമപ്രകാരമാണ് പരിഗണിക്കേണ്ടത്. എങ്കിലും ഭാഷ പോലുള്ള സ്വത്വ അടയാളങ്ങളെ അടിസ്ഥാനമാക്കിയുള്ള അനുമാനങ്ങളുടെ പേരിൽ സ്വീകരിക്കുന്ന നടപടികളെ ദേശീയ സുരക്ഷാ ആശങ്കകൾ കൊണ്ട് ന്യായീകരിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരെ വളർത്തുന്ന സംഘടനകളുണ്ടെന്നും കുടിയേറ്റക്കാർ നമ്മുടെ വിഭവങ്ങൾ തിന്നുതീർക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മാത്രമാണ് തങ്ങൾ ശ്രമിക്കുന്നതെന്നുമായിരുന്നു തുഷാർ മേത്തയുടെ വാദം. ഭരണകൂടം നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ ആളുകളെ നാടുകടത്തുകയാണെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചു.
പൗരത്വം നിർണയിക്കുന്ന ഒരു ട്രൈബ്യൂണൽ ഉത്തരവില്ലാതെ ഒരു അധികാരിയെയും നാടുകടത്താൻ അനുവദിക്കരുത്. ബി.എസ്.എഫ് ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ പ്രവർത്തിക്കുകയും നാടുകടത്തുകയുമാണെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു.