വടകര : നഗരസഭ എഞ്ചിനീയറിങ് വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അസി. എഞ്ചിനീയർ വി അജിത്ത് കുമാർ, സെക്കൻ്റ് ഗ്രേഡ് ഓവർസിയർ പി പി അനിഷ എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൾ ഡയറക്ടർ ജെറോമിക് ജോർജാണ് നടപടി എടുത്തത്.
നഗരസഭയിലെ എഞ്ചിനീയറിങ് വിഭാഗത്തിൽ ഗുരുതരമായ അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായി ആരോപിച്ച് അഴിമതിക്കെതിരെയുള്ള സിംഗിൾ വാട്ട്സ് ആപ് നമ്പറിൽ ലഭിച്ച പരാതിയുടെയും, പൊതുജനങ്ങളിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി. ആരോപണങ്ങൾ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടർ ഓഫീസിലെ ആഭ്യന്തര വിജിലൻസ് വിഭാഗമാണ് അന്വേഷണം നടത്തിയത്. ഫയലുകളിൽ തെറ്റായതും വസ്തുതാ വിരുദ്ധമായതുമായ കുറിപ്പുകൾ രേഖപ്പെടുത്തി ശുപാർശകൾ നൽകി ഗുരുതരമായ ചട്ടലംഘനം നടത്തിയതായി കണ്ടെത്തി. കൂടാതെ ബോധപൂർവ്വം ഫയലുകളിൽ കാലതാമസം വരുത്തിയതുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇരുവരുടെയും സേവനകാലയളവിലെ മുഴുവൻ ഫയലുകളും ബന്ധപ്പെട്ട രേഖകളും സമഗ്രമായി അന്വേഷിക്കണമെന്നും ഉത്തരവിൽ പറയുന്നു.