കോഴിക്കോട്: കുറ്റ്യാടിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നാദാപുരം സ്വദേശി പോക്കന്‍വീട്ടില്‍ ഷംസീര്‍(36) ആണ് മരിച്ചത്. കുറ്റ്യാടി കടേക്കല്‍ചാല്‍ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. ഷംസീർ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കുറ്റ്യാടിയിൽ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു ഷംസീർ. മഞ്ചേരിയിൽ നിന്ന് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് വരുകയായിരുന്നു കാറിലുണ്ടായിരുന്നവർ. എതിർ ദിശകളിൽ വന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഷംസീറിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാദാപുരം പോക്കൻ വീട്ടിൽ അന്ത്രുവിൻ്റെയും സുബൈദയുടെയും മകനാണ് മരിച്ച ഷംസീർ. വഹീമയാണ് ഭാര്യ. മൃതദേഹം പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തു.