ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. ജമ്മു കശ്മീരിലെ റംബാനില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ കൂടുന്നു.മൂന്നാഴ്ചയായി തുടരുന്ന ശക്തമായ മഴയിൽ ജമ്മു കാശ്മീർ ഹിമാചൽ പ്രദേശ്,, ഉത്തരാഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്. അടിക്കടി ഉണ്ടാകുന്ന മേഘവിസ്‌ഫോടനവും മിന്നൽ പ്രളയവും കൂടുതൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിൽ ശനിയാഴ്ച ഉണ്ടായ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും കുറഞ്ഞത് 11 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധിപ്പേരെ കാണാതായി. റിയാസി ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു. ശനിയാഴ്ച രാവിലെ കച്ച വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അഞ്ച് കുട്ടികൾ (4,6,8,10,12 വയസ്സ്) ഉൾപ്പെടെ ഏഴ് അംഗങ്ങളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. 38 വയസ്സുള്ള നസീർ അഹമ്മദ്, ഭാര്യ വസീറ ബീഗം എന്നിവരാണ് മരിച്ച മറ്റു രണ്ടുപേർ. ഇവരുടെ മക്കളാണ് മരിച്ച കുട്ടികൾ.
റംബാനിലെ രാജ്ഗഢിലെ ഉയർന്ന പ്രദേശങ്ങളിലുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തു. ശക്തമായ വെള്ളപ്പൊക്കത്തിൽ വീടുകൾ ഒലിച്ചുപോവുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചിലത് പൂർണ്ണമായും നശിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ശ്രീനഗറിൽ നിന്ന് 136 കിലോമീറ്റർ അകലെയാണ് റമ്പാൻ സ്ഥിതി ചെയ്യുന്നത്.
റംബാൻ ജില്ലയിലെ രാജ്ഗഡ് തഹ്‌സിലിൽ ഇന്ന് പുലർച്ചെ മേഘവിസ്‌ഫോടനം ഉണ്ടായതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് പ്രദേശത്ത് മണ്ണിടിച്ചിലിനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും കാരണമായി. എസ്ഡിആർഎഫ്, പൊലിസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്.