തിരുവനന്തപുരം :കോഴിക്കോട്-വയനാട് യാത്രാ ദുരിതത്തിനു ശാശ്വത പരിഹാരമാവുന്ന ആനക്കാംപൊയില്‍ -കള്ളാടി-മേപ്പാടി തുരങ്ക പാത നിര്‍മാണത്തിന് നാളെ തുടക്കമാവും. തുരങ്കപാത യാഥാര്‍ഥ്യമാവുന്നതോടെ കേരളത്തില്‍ നിന്ന് കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സുഗമമാകും. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് പാതയുടെ നിര്‍വ്വഹണ ഏജന്‍സി.
കേന്ദ്ര സര്‍ക്കാറിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് തുരങ്ക പാത പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,134 കോടി രൂപ ചെലവിലാണ് പദ്ധതിയുടെ നിര്‍മാണം. 8.73 കിലോമീറ്റര്‍ പാതയുടെ 8.1 കിലോമീറ്റര്‍ ഇരട്ട ടണലായാണ് വിഭാവനം ചെയ്തിരിക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടറോളം ഭൂമിയാണ് ഇതിനായി ഏറ്റെടുക്കേണ്ടത്. ഇതില്‍ വനഭൂമി നേരത്തേ കൈമാറിയിട്ടുണ്ട്. കൂടാതെ ആവശ്യമായ സ്വകാര്യ ഭൂമിയുടെ 90 ശതമാനം ഏറ്റെടുത്തു കഴിഞ്ഞു.
ആനക്കാംപാെയിൽ: തുരങ്കപാതയുടെ ഉദ്ഘാടന ചടങ്ങിന് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ താഴെ പറയുന്നവയാണ്:
*ഒഫീഷ്യൽ വാഹനങ്ങൾ:* സെന്റ് മേരീസ് പള്ളിക്ക് മുൻവശത്തുള്ള മൈതാനം.
*മാധ്യമപ്രവർത്തകരുടെയും മീഡിയ വാഹനങ്ങളുടെയും പാർക്കിംഗ്:* സ്റ്റേജിന് സമീപത്തുള്ള സെന്റ് മേരീസ് പാരിഷ് ഹാളിന്റെ പാർക്കിംഗ് ഏരിയ.
*മുച്ചക്ര / നാല് ചക്ര വാഹനങ്ങൾ:* ആളുകളെ ചെറുശ്ശേരി റോഡിൽ ഇറക്കി വിട്ട ശേഷം വാഹനങ്ങൾ സ്കൂളിന്റെ വിശാലമായ ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം.
*ഇരുചക്ര വാഹനങ്ങൾ:* ആനക്കാംപൊയിൽ ഗവൺമെന്റ് എൽ. പി. സ്കൂൾ ഗ്രൗണ്ട്.
*ബസ്സുകൾ:* ആനക്കാംപൊയിൽ സെന്റ് മേരീസ് ഷോപ്പിംഗ് കോംപ്ലക്സിൽ ആളുകളെ ഇറക്കിയ ശേഷം മുത്തപ്പൻപ്പുഴ – കണ്ടപ്പംചാൽ റോഡിൽ ഒരു വശത്തായി പാർക്ക് ചെയ്യണം.
വാഹനഗതാഗതം നിയന്ത്രിക്കാനായി നൂറോളം വോളണ്ടിയർമാരെയും പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, എസ്.സി.-എസ്.ടി. വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു, പ്രിയങ്ക ഗാന്ധി എം.പി, എം.എൽ.എമാരായ ലിന്റോ ജോസഫ്, ടി. സിദ്ധീഖ്, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് തുടങ്ങിയവർ പങ്കെടുക്കും.