മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്ലിംലീഗ് നിർമിക്കുന്ന വീടുകളുടെ നിർമ്മാണ പ്രവൃത്തികൾക്ക് നാളെ തുടക്കമാകും. ഉച്ചയ്ക്ക് ശേഷം 2 മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് നിർമ്മാണപ്രവൃത്തികൾ ആരംഭിക്കുക. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ-സംസ്ഥാന-ജില്ല ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
നിർമ്മാൺ കൺസ്ട്രക്ഷൻസ്, മലബാർ ടെക് കോൺട്രാക്ടേഴ്‌സ് എന്നിവർക്കാണ് നിർമ്മാണ ചുമതല. നിയമ നടപടികളെല്ലാം പൂർത്തീകരിച്ച് നിർദിഷ്ട പദ്ധതി പ്രദേശം വീട് നിർമ്മാണത്തിന് സജ്ജമായിട്ടുണ്ട്.മേപ്പാടി പഞ്ചായത്തിൽ തൃക്കൈപ്പറ്റ വില്ലേജിൽ വെള്ളിത്തോട് പ്രദേശത്ത് മുട്ടിൽ-മേപ്പാടി പ്രധാന റോഡിനോട് ചേർന്നാണ് സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. എട്ട് സെന്ററിൽ ആയിരം സ്ക്വയർഫീറ്റ് വീടുകളാണ് മുസ്ലിംലീഗ് നിർമ്മിക്കുന്നത്. ഇരുനില വീടുകൾ നിർമ്മിക്കാനാവശ്യമായ അടിത്തറയോട് കൂടിയായിരിക്കും ഭവന സമുച്ചയം ഒരുങ്ങുന്നത്. നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ച ശേഷം വൈകിട്ട് 3:30ന് മുട്ടിൽ ഡബ്ല്യു.എം.ഒ എച്ച്.ആർ.ഡി സെന്ററിൽ സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക യോഗവും ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം അറിയിച്ചു