കാസർകോട്:
കൂട്ടുകാരോടൊപ്പം ചിരികളോടെ സെൽഫി എടുക്കാൻ തോട്ടിലിറങ്ങിയ 12 വയസ്സുകാരൻ മിദ്ലാജ് നിമിഷനേരം കൊണ്ടാണ് ഒഴുക്കിൽപ്പെട്ടത്. കാസർകോട് നാൽത്തടുക്ക ബെള്ളൂരടുക്കത്തെ പരേതനായ ഹസൈനാർ - സമീറ ദമ്പതികളുടെ മകനായ മിദ്ലാജ് ആലമ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
വൈകുന്നേരം അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. മഴ കാരണം നിറഞ്ഞൊഴുകുന്ന മധുവാഹിനി പുഴയുടെ കൈവഴിയായ പാടിത്തോടിന് സമീപം കൂട്ടുകാർക്കൊപ്പം കളിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്നതിനിടെയാണ് മിദ്ലാജ് കാൽവഴുതി ഒഴുക്കിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന എട്ട് കൂട്ടുകാരുടെയും നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻതന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് വൈകുന്നേരം ആറരയോടെ ആലമ്പാടിയിലെ താൽക്കാലിക തടയണയിൽ കുടുങ്ങിയ നിലയിലാണ് മിദ്ലാജിന്റെ മൃതദേഹം കണ്ടെത്തിയത്.