കോഴിക്കോട്: പറമ്പ് വെട്ടിത്തെളിക്കാനെന്ന വ്യാജേന അതിഥി തൊഴിലാളികളെ വിളിച്ചുവരുത്തി അവരുടെ 11,500 രൂപയും ഫോണും മോഷ്ടിച്ച കേസിൽ വീണ്ടും അറസ്റ്റ്. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ഹാരിസിനെയാണ് കോഴിക്കോട് നല്ലളം പൊലീസ് പിടികൂടിയത്. കേസിൽ മൂന്നാം പ്രതിയാണ് ഹാരിസ്. അമ്പലപ്പുഴ പുറക്കാട് കൈതവളപ്പിൽ അൻവർ, കൊല്ലം കുളത്തൂപ്പുഴ സ്വദേശി ഷാജുമോൻ എന്നീ മറ്റ് രണ്ട് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു.
കോഴിക്കോട് നല്ലളം മോഡേൺ ബസാർ ഭാഗത്തെ കാടുമൂടിയ സ്ഥലം തങ്ങളുടേതാണെന്ന വ്യാജേനയാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഈ സ്ഥലം വൃത്തിയാക്കാനെന്ന വ്യാജേന പശ്ചിമ ബംഗാൾ സ്വദേശികളായ റജാവുൽ അലി, അബ്ദുൽ കരീം, മൊണ്ടാലു എന്നിവരെ പ്രതികൾ വിളിച്ചുവരുത്തി, വസ്ത്രവും കയ്യിലുണ്ടായിരുന്ന ഫോണും പണവുമെല്ലാം മാറ്റിവെച്ച് തൊഴിലാളികൾ പണിക്ക് ഇറങ്ങിയതോടെ പ്രതികൾ ഇവയുമായി മുങ്ങുകയായിരുന്നു. ഈ കവർച്ച നടത്തി കാറിൽ മടങ്ങിയ ഇവർ കാടാമ്പുഴ ഭാഗത്തും തട്ടിപ്പ് നടത്തി മൊബൈൽ ഫോണും പണവും മോഷ്ടിച്ചിരുന്നു.