ദുബൈ: ട്രംപ് ഭരണകൂടത്തിന്റെ ഉയർന്ന താരിഫുകൾ മൂലം യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിലയിലായതോടെ ഈ നേട്ടം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ആലോചനയിൽ ആണ് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ. ഡോളറിനെതിരെ രൂപയുടെ മൂല്യം 88.30 എന്ന റെക്കോർഡിലേക്ക് താഴ്ന്നു എങ്കിലും ഇപ്പോൾ 88.15 എന്ന നിലയിൽ ആണ് വ്യാപാരം നടക്കുന്നത്. മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും വലിയ ഒറ്റയടിക്കുള്ള ഇടിവ് ആണ് കഴിഞ്ഞദിവസം ഉണ്ടായത്.
യുഎഇ ദിർഹമിന്റെ മൂല്യം ചരിത്രത്തിൽ ആദ്യമായി 24 രൂപ പിന്നിട്ടതോടെ നാട്ടിലേക്ക് പരമാവധി പണം അയക്കുന്ന തിരക്കിൽ ആണ് പ്രവാസികൾ. യുഎഇ ദിർഹമിന് (AED) ഒപ്പം സൗദി റിയാൽ (SAR), ഖത്തർ റിയാൽ (QR), ഒമാൻ റിയാൽ (OMR), കുവൈത്ത് ദിനാർ (KWD), ബഹ്‌റൈൻ ദിനാർ (BHD) എന്നീ ഗൾഫ് കറൻസികളുടെ മൂല്യത്തിലും മാറ്റം ഉണ്ടായി.
പ്രവാസികൾക്ക് കുറഞ്ഞ ഗൾഫ് കറൻസി നൽകിയാൽ മുമ്പത്തേതിനാക്കാൾ കൂടുതൽ പണം നാട്ടിലേക്ക് അയക്കാൻ രൂപയുടെ കുറഞ്ഞ മൂല്യം വഴിയൊരുക്കും. നാട്ടിലേക്ക് പണം അയക്കുന്നതിൽ റെക്കോർഡ് ആണ് രേഖപ്പെടുത്തിയത്.
നാട്ടിൽ ബാങ്ക് ലോണും മറ്റും അടച്ചുവീട്ടാനുള്ള പ്രവാസികൾക്ക് വിനിമയ നിരക്ക് വർധന ആശ്വാസകരമാണ്. പുതിയ സാഹചര്യത്തിൽ രൂപയുടെ മൂല്യം ഇനിയും ഇടിയാനുള്ള സാധ്യതയും വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.
വിദേശത്ത് ജോലി ചെയ്യുന്ന ഗണ്യമായ എണ്ണം പൗരന്മാർക്കും അവരുടെ കുടുംബങ്ങൾക്കും പതിവായി പണം ലഭിക്കുന്നു- ദുബായിലെ അന്താരാഷ്ട്ര മാധ്യമ തന്ത്രജ്ഞനായ ആന്റണി ഫെർണാണ്ടസ് പറഞ്ഞു.