മലപ്പുറം: തെയ്യാലയിൽ കാർ ആക്രമിച്ച് 2 കോടി തട്ടിയ സംഭവത്തിൽ ക്വട്ടേഷൻ സംഘം പ്രതിഫലം സൂക്ഷിച്ചത് പട്ടിക്കൂട്ടിൽ. പ്രതി ഫവാസാണ് ക്വട്ടേഷൻ കൂലിയായി കിട്ടിയ അഞ്ച് ലക്ഷം രൂപ വീട്ടിലെ പട്ടിക്കൂട്ടിൽ ഒളിപ്പിച്ചത്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പണം ഒളിപ്പിച്ച സ്ഥലം പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. പൊലീസ് സംഘം പ്രതിയേയും കൊണ്ട് പന്താരങ്ങാടിയിലെ വീട്ടിലെത്തി പട്ടിക്കൂട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം പണം കണ്ടെടുത്തു. മറ്റൊരു പ്രതി അബ്ദുല്‍കരീമിന്റെ വീട്ടില്‍ നിന്ന് ആറ് ലക്ഷം രൂപയും രജീഷിന്റെ വീട്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. ആഗസ്റ്റ് 14 ന് രാത്രിയാണ് കാർ ആക്രമിച്ച് ഫനീഫയെന്നയാളുടെ 2 കോടി രൂപ ക്വട്ടേഷൻ സംഘം തട്ടിയെടുത്തത്.