ഹരിയാന : രാജ്യത്തെ തന്നെ പ്രധാന നഗരങ്ങളിൽ ഒന്നാണ് ഹരിയാനയിലെ ഗുരുഗ്രാം. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയോട് ചേർന്ന് കിടക്കുന്ന പ്രദേശം പക്ഷേ നാഗരാസൂത്രണത്തിന്റെ തകർച്ച കാരണം ബുദ്ധിമുട്ടുകയാണ്. ചെറിയ മഴ പെയ്യുമ്പോഴേക്കും മുങ്ങിപ്പോകുന്ന നഗരത്തിലെ ജീവിതം ദുസ്സഹമാവുകയാണ്. ഇന്നലെ ഉണ്ടായ മഴയെ തുടർന്ന് നഗരത്തിലെ മിക്ക ഇടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഡൽഹി-ജയ്പൂർ ഹൈവേയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഹൈവേയിൽ കാറുകളുടെ നീണ്ട നിരയാണ് മണിക്കൂറുകളോളം ഉണ്ടായത്. ആളുകൾ സാധനങ്ങളുമായി വെള്ളത്തിലൂടെ നീങ്ങി പോകുന്ന വീഡിയോ വൈറലായിരുന്നു.
സംഭവത്തിൽ എഴുത്തുകാരനും സംരംഭകനുമായ സുഹേൽ സേത്ത് ഗുരുഗ്രാമിലെ അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥയെക്കുറിച്ച് എക്‌സിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടുകയാണ്. ബിജെപി സർക്കാരിന് ഗൗരവമായ ആത്മപരിശോധന ആവശ്യമാണ്. 11 വർഷമായി അവരാണ് ഈ സംസ്ഥാനം ഭരിക്കുന്നത്. ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് നെഹ്‌റുവിനെ കുറ്റപ്പെടുത്താൻ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ കുറ്റപ്പെടുത്താറുള്ള ബിജെപിയെ വിമർശിച്ച് എഴുതിയ കുറിപ്പ് ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്.
ഒരു ഗൗരവമേറിയ കാര്യം പറയട്ടെ, നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തവിധത്തിൽ ഗുരുഗ്രാം നശിക്കുകയാണ്. ഇത് നശിപ്പിച്ച ആദ്യത്തെയാൾ മനോഹർ ലാൽ ഖട്ടർ ആയിരുന്നു. നയാബ് സിംഗ് സൈനിക്കും ഈ സാഹചര്യം കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. ബിജെപി ആത്മപരിശോധന നടത്തണം. കഴിഞ്ഞ 11 വർഷമായി അവരാണ് ഈ സംസ്ഥാനം ഭരിക്കുന്നത്. നിങ്ങൾക്ക് ഇനിയും നെഹ്‌റുവിനെ കുറ്റം പറഞ്ഞിരിക്കാൻ സാധിക്കില്ല - ഗുരുഗ്രാം നിവാസിയായ സേത്ത് എക്‌സിലെ ഒരു പോസ്റ്റിൽ എഴുതി.
ഗുരുഗ്രാമിന്റെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, രാഷ്ട്രീയ കഴിവില്ലായ്മയ്ക്കും നഗരാസൂത്രണത്തിന്റെ അഭാവത്തിനും സേത്ത് ബിജെപിയെ വിമർശിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസം, സുഹേൽ സേത്ത് എഎൻഐ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയും ഹരിയാനയുടെ രാഷ്ട്രീയ നേതൃത്വത്തെ വിമർശിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക പ്രാധാന്യം ഉണ്ടായിരുന്നിട്ടും ഗുരുഗ്രാമിനെ തുടർച്ചയായി മുഖ്യമന്ത്രിമാർ അവഗണിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.