ഇടുക്കി: ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് വരേണ്ട കാര്യമില്ലെന്നും മുസ്ലിം ലീഗും കേരള കോൺഗ്രസും ചേർന്നതല്ലേ യു ഡി എഫ് എന്നും അവര്‍ വന്നില്ലെങ്കിലും കുഴപ്പമില്ലെന്നും വെള്ളാപ്പള്ളി നടേശൻ. അനാവശ്യ വിവാദം ഉണ്ടാക്കി ശബരിമല മലയെ വിവാദ ഭൂമിയാക്കരുതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അയ്യപ്പ വിരോധികൾ ആണ് ആഗോള അയ്യപ്പ സംഗമത്തെ എതിര്‍ക്കുന്നത്. എൽ ഡി എഫ് കൊണ്ട് വന്നു എന്ന് കരുതി എതിർക്കേണ്ടതില്ല. പറഞ്ഞത് ശരി ആണെങ്കിൽ അംഗീകരിക്കണം. യുഡിഎഫ് ആലോചിച്ചില്ലെങ്കിലും ഒരു പുല്ലും സംഭവിക്കില്ല. സ്ത്രീ പ്രവേശനം കഴിഞ്ഞ അധ്യായം എന്ന് എംവി ഗോവിന്ദൻ തന്നെ പറഞ്ഞു. സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ അനുകൂലിക്കുന്നില്ല എന്നാണ് ആ പറഞ്ഞതിന്‍റെ അര്‍ത്ഥം.
സ്ത്രീ പ്രവേശനം വേണ്ട എന്നാണ് എസ്‍എൻഡിപി യോഗത്തിന്‍റെയും നിലപാടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആഗോള അയ്യപ്പ സംഗമം തെറ്റാണെന്നു ചിലർ പറയുന്നു. ശബരിമലയുടെ പ്രശസ്തി ആഗോള തലത്തിൽ എത്തിക്കാനുള്ള ശ്രമത്തെ ചില ദുഷ്ടശക്തികൾ തകർക്കാൻ ശ്രമിക്കുകയാണ്. ഇടതു പക്ഷം ശരി ചെയ്യുമ്പോൾ അംഗീകരിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.