മലപ്പുറം: തിരൂരിലെ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂളിൽ കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾ ആർഎസ്എസിന്റെ ഗണഗീതം ആലപിച്ചത് വിവാദമായി. വിദ്യാർഥികൾ ആലപിക്കാൻ തിരഞ്ഞെടുത്ത ഗാനങ്ങൾ മുൻകൂട്ടി പരിശോധിച്ചിരുന്നില്ലെന്നും ഇത് അബദ്ധം പറ്റിയതാണെന്നുമാണ് സ്കൂൾ അധികൃതർ നൽകിയ പ്രാഥമിക വിശദീകരണം.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂളുകളിൽ വിദ്യാർഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിക്കുന്നത് പതിവാണ്. എന്നാൽ, അന്നേ ദിവസം ഒരു അബദ്ധത്തിൽ ഗണഗീതം പാടിയതാണെന്നാണ് സ്കൂളിന്റെ വാദം. സാധാരണയായി ആർഎസ്എസ് ശാഖകളിൽ ആലപിക്കാറുള്ള ഈ ഗാനം, സ്കൂളുകളിലെ സ്വാതന്ത്ര്യദിന പരിപാടികളിൽ ഉപയോഗിക്കാറില്ല.
വിദ്യാർഥികളെ ഗ്രൂപ്പുകളായി തിരിച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. ഈ ഗ്രൂപ്പുകളിലൊന്നിലെ വിദ്യാർഥികളാണ് ഗണഗീതം ആലപിച്ചത്. വിദ്യാർഥികൾക്ക് ഈ ഗാനം എവിടെനിന്ന് ലഭിച്ചുവെന്നോ, എന്തുകൊണ്ടാണ് അവർ ഈ ഗാനം തിരഞ്ഞെടുത്തതെന്നോ വ്യക്തമല്ല.
തിരഞ്ഞെടുത്ത ഗാനങ്ങൾ പരിശോധിക്കാൻ മതിയായ സമയം ലഭിച്ചില്ലെന്നാണ് സംഭവത്തിൽ സ്കൂൾ അധികൃതരുടെ വാദം. "കുട്ടികൾ തിരഞ്ഞെടുത്ത് പാടിയ ഗാനമാണ്, അത് മുൻകൂട്ടി പരിശോധിച്ചിരുന്നില്ല. ഇത് ഒരു അബദ്ധം പറ്റിയതാണ്," സ്കൂൾ അധികൃതർ വിശദീകരിച്ചു. വിദ്യാർഥികൾ ഗണഗീതം ആലപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന്, ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.