പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമമെന്ന് സിപിഐ വനിതാ നേതാവ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പറഞ്ഞത്. തന്നെ ഇരയാക്കാനും ഒരു ചാനൽ ശ്രമിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ നിയമത്തിനു മുന്നിൽ തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം. എന്നാൽ, ഈ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇരകളെ മാത്രമല്ല ഇരകളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെയും ക്രൈംബ്രാഞ്ച് കണ്ടെത്തണമെന്നും അവർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം നടത്തിയത്. സിപിഐ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമാണ് ശ്രീനാദേവി കുഞ്ഞമ്മ.