അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം. ചൊവ്വാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. കുനാർ പ്രവിശ്യയിലെ ജലാലാബാദിന് സമീപമാണ് പ്രഭവ കേന്ദ്രം. പത്തുകിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു ഭൂചലനമുണ്ടായത്.
രണ്ടു ദിവസം മുമ്പാണ് അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഇതിൽ 1400 ലധികം പേർ മരിച്ചതായും 3000ത്തിലധികം പേർക്ക് പരിക്കേറ്റെന്നുമാണ് വിവരം. ഇനിയും നിരവധിപേരെ കണ്ടെത്താനുണ്ട്. നൂർഗൽ, സാവ്കെ, വാതപൂർ, മനോഗി, ചാപ്പ ദാര ജില്ലകളിൽ കനത്ത നാശനഷ്ടമാണ് ഇതോടെ ഉണ്ടായത്. ആദ്യ ഭൂചലനത്തിന് പിന്നാലെ ശക്തമായ തുടർ ചലനങ്ങളുണ്ടായിരുന്നു. അതേസമയം 2023 ഒക്ടോബറിൽ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ ആയിരകണക്കിന് ആളുകളാണ് മരിച്ചത്.
ഭൂചലനത്തിന് തൊട്ടുപിന്നാലെ പ്രദേശത്ത് കനത്തമഴ പെയ്തതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഭൂചലനത്തെത്തുടര്‍ന്ന് ചിലയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായത് റോഡുഗതാഗതത്തെയും ബാധിച്ചു. ഏതാനും ഇടങ്ങളില്‍ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. നിരവധി ഇടങ്ങളില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് ആളുകള്‍ കുടുങ്ങികിടക്കുന്ന സാഹചര്യവുമുണ്ട്.