കൽപറ്റ : കൽപ്പറ്റയിലെ ജ്വല്ലറിയിൽ പട്ടാപകൽ മോഷണം ചെമ്പിന്റെ തകിട് വാങ്ങാനെത്തിയവർ മൂന്നര പവൻ മോഷ്ടിച്ചു. ഇന്നലെ രാവിലെ ചുങ്കം ജംക്‌ഷനിലെ ഫാഷൻ ജ്വല്ലേഴ്സിലാണ് മോഷണം നടന്നത്.കടയിൽ ചെമ്പിന്റെ തകിട് വാങ്ങാനെത്തിയ 2 പേരാണ് ലോക്കറ്റ് ഉൾപ്പെടെയുള്ളവ സൂക്ഷിച്ചുവച്ച ബോക്സ് മോഷ്ടിച്ചതെന്നു ഉടമ കൊടുവള്ളി സ്വദേശി കെ.അസൈനാർ പറഞ്ഞു.തകിട് വാങ്ങിയശേഷം നൽകിയ പണത്തിന്റെ ബാക്കി കടയിലെ ജീവനക്കാരൻ തിരികെ നൽകിയപ്പോൾ നോട്ട് പഴയതാണെന്നും മാറ്റിത്തരണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
നോട്ടുമാറ്റാനായി ഇവർ തുറന്നുവച്ച ഡ്രോയിൽ കയ്യിടുകയും ചെയ്തതായി അസൈനാർ പറഞ്ഞു. സംഭവസമയം ഒരു ജീവനക്കാരൻ മാത്രമാണു കടയിലുണ്ടായിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതു മനസ്സിലായത്.മോഷ്ടാക്കൾ സ്വർണം മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അസൈനാറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി