കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കണ്ണൂരിന്റെ മലയോര മേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ബാവലി പുഴ കരകവിഞ്ഞു. ആറളം പാലപ്പുഴ പാലത്തിൽ വെള്ളം കയറി.
ചൊവ്വാഴ്ച രാത്രി മുതൽ ശക്തമായ മഴയാണ് കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ അനുഭവപ്പെടുന്നത്. ഇരിട്ടി, ആറളം, കൊട്ടിയൂർ മേഖലകളിൽ ബുധനാഴ്ച പുലർച്ചേ വരെയും കനത്ത മഴ തുടർന്നു. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ റോഡുകളിലടക്കം വെള്ളംകയറി.
ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായതോടെ ആറളം പാലപ്പുഴ പാലത്തിൽ വെള്ളം കയറി. ആറളം വനമേഖലയിൽ ഉരുൾപ്പൊട്ടിയിട്ടുണ്ടോയെന്നും സംശയമുണ്ട്. അതിശക്തമായ കാറ്റും പ്രദേശത്ത് ഭീതി സൃഷ്ടിക്കുന്നുണ്ട്. അതേസമയം, കണ്ണൂർ ടൗൺ, തളിപ്പറമ്പ് മേഖലകളിൽ തെളിഞ്ഞ കാലാവസ്ഥയാണ്