തിരുവനന്തപുരം:
2025 സെപ്റ്റംബര്‍ 3, 4 തീയതികളില്‍ സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്നും 1500 രൂപയ്ക്കോ അതില്‍ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ വെളിച്ചെണ്ണ 50 രൂപ വിലക്കുറവില്‍ സ്പെഷ്യല്‍ ഓഫറായി ലഭിക്കും. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപ വിലയ്ക്ക് ഈ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു.
സപ്ലൈകോയിൽ ഇന്നലെ മാത്രം വിറ്റഴിച്ചത് 21 കോടിയിലധികം രൂപയുടെ ഉൽപ്പന്നങ്ങളാണ്. ഓണക്കാലത്ത് സപ്ലൈകോയുടെ വില്പന ഇതു വരെ 300 കോടി കടന്നു. 300 കോടി വില്പനയാണ് ഓണക്കാലത്ത് സപ്ലൈകോ ആകെ പ്രതീക്ഷിച്ചിരുന്നത്. ഇതുവരെ നടന്നത് 319.3 കോടി രൂപയുടെ വില്പനയെന്നും സർക്കാർ കണക്കുകൾ. 49 ലക്ഷത്തോളം ഉപഭോക്താക്കൾ സപ്ലൈകോയിൽ എത്തി. കേരളത്തിലെ 3.33 കോടി ജനങ്ങളിൽ രണ്ട് കോടി പേർക്കെങ്കിലും സർക്കാരിന്റെ വിപണിയിടപെടലിന്റെ നേരിട്ടുള്ള പ്രയോജനം ലഭിച്ചതായി പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.