ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ മുസ്‌ലിം വിഭാഗക്കാർക്കൊഴികെ ഇളവുമായി കേന്ദ്ര സർക്കാർ. 2024 ഡിസംബർ വരെയാണ് സിഎഎയിൽ സമയ പരിധി നീട്ടിയത്. ഇക്കാലയളവ് വരെ ഇന്ത്യയിൽ എത്തിയ മുസ്‌ലിം ഇതര വിഭാഗക്കാർക്ക് രാജ്യത്ത് തുടരാം. പശ്ചിമ ബംഗാളിലും ബിഹാറിലും നിയമസഭാ തെരഞ്ഞെടുപ്പടുക്കവേയാണ് കേന്ദ്രസർക്കാരിന്റെ നടപടി.
ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്കാണ് ഇളവ് നൽകിയത്. നേരെത്തെ 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയവർക്കായിരുന്നു പൗരത്വം നൽകി വന്നത്. ഈ കട്ട് ഓഫ് തീയതി 2014ൽ നിന്ന് 2024 ആക്കി മാറ്റിയാണ് ഉത്തരവിറക്കിയത്. 2024 ഡിസംബർ 31 വരെ അയൽ രാജ്യങ്ങളിൽ നിന്നും വന്ന മുസ്‌ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം.
2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിൽ എത്തിയ രേഖകളില്ലാത്ത ഹിന്ദുക്കൾ, സിഖുകാർ, ജൈനർ, ക്രിസ്ത്യൻ വിഭാഗക്കാർക്ക് മാത്രം ഉണ്ടായിരുന്ന ഇളവ് ഇനി കഴിഞ്ഞ വർഷം വരെ ഇന്ത്യയിൽ എത്തിയവർക്ക് ലഭിക്കും. മുസ്‌ലിം ഇതര വിഭാഗക്കാർക്ക് പാസ്പോർട്ടോ മറ്റു രേഖകളോ ഇല്ലാതെ പൗരത്വത്തിനു അപേക്ഷിക്കാം.