കോഴിക്കോട്: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തുംപാറയിലെ ടൂറിസ്റ്റ് കേന്ദ്രത്തിൽ വെടിയുണ്ട കണ്ടെത്തി. കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിന് മുന്നിൽനിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. സംഭവത്തിൽ കൂരാച്ചുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ ഒമ്പത് മണിയോടെ ടൂറിസ്റ്റ് കേന്ദ്രത്തിലെ ജീവനക്കാരാണ് വെടിയുണ്ട ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് വെടിയുണ്ട കസ്റ്റഡിയിലെടുത്തു. ഇത് വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
*അന്വേഷണം വിവിധ സാധ്യതകളിൽ*
മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന മേഖലയായതുകൊണ്ട് തന്നെ പോലീസ് അതീവ ഗൗരവത്തോടെയാണ് സംഭവം കാണുന്നത്. അതോടൊപ്പം, ഈ പ്രദേശം വന്യമൃഗങ്ങൾ ഇറങ്ങുന്ന സ്ഥലമായതുകൊണ്ട് മൃഗങ്ങളെ വേട്ടയാടാൻ ആരെങ്കിലും വെടിവച്ചപ്പോൾ വെടിയുണ്ട തെറിച്ചുവീണതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കാട്ടുപന്നികളുടെ ശല്യം ഈ പ്രദേശത്ത് കൂടുതലായതിനാൽ ആരെങ്കിലും വന്യജീവികളെ വെടിവെച്ചതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.