മലപ്പുറം: മലപ്പുറം വേങ്ങരയിൽ ഒരു കോടിയിലേറെ രൂപയുടെ കുഴൽ പണവുമായി യുവാവ് പിടിയിൽ. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീർ (39) ആണ് പിടിയിലായത്. വേങ്ങര പൊലീസ് വാഹന പരിശോധന നടത്തവേ കൂരിയാട് ദേശീയ പാതയിൽ അടിപ്പാതക്ക് സമീപത്ത് നിന്നാണ് പണം പിടികൂടിയത്.
സ്കൂട്ടറിൻ്റെ മുൻഭാഗത്ത് വാഴക്കുലയാണെന്ന് തോന്നതക്ക വിധത്തിൽ ചാക്കിൽ കെട്ടിവെച്ചും പിൻഭാഗത്ത് ഡിക്കിയിലുമായി 500, 200 നോട്ടുകെട്ടുകളായാണ് പണം കടത്താൻ ശ്രമിച്ചത്. പണമത്രയും ഓണ സമയത്ത് വേങ്ങരയിലും പരിസരത്തും വിതരണം ചെയ്യാനുള്ളതായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഉറവിടവും വിതരണത്തെ സംബന്ധിച്ചും കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
പ്രതിയേയും പിടിച്ചെടുത്ത പണവും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനു കൈമാറും. ഓണത്തോടനുബന്ധിച്ച് മലപ്പുറം ജില്ലയിൽ വാഹന പരിശോധന കർശ്ശനമാക്കിയതായും ഇതിനകം വിവിധ കേസുകളിലായി ഏകദേശം പത്തു കോടിയോളം കുഴൽപ്പണം പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.