തൃശ്ശൂർ: തൃശ്ശൂർ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതികൾക്ക് കവചം ഒരുക്കി പൊലീസ്. പ്രതികളായ പൊലീസുകാർക്ക് രക്ഷപെടാൻ പഴുതേറെയിട്ടാണ് കേസ് എടുത്തിരിക്കുന്നത്. കേസില്‍ ദുർബല വകുപ്പുകളാണ് ചുമത്തിയത്. ലോക്കപ്പ് മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഐപിസി 323 കൈ കൊണ്ടടിച്ചു എന്ന വകുപ്പുമാത്രമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് വർഷത്തെ നിയമപോരാട്ടത്തിന് ശേഷം, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.
അതേസമയം, സംഭവത്തില്‍ രണ്ട് ശിക്ഷ പറ്റില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. നാല് പൊലീസുകാരുടെയും പ്രമോഷൻ 3 വർഷത്തേക്ക് തടഞ്ഞു. ഇൻക്രിമെന്റ് 2 വർഷത്തേക്ക് തടഞ്ഞു. അതുകൊണ്ടു തന്നെ ഇനിയൊരു വകുപ്പുതല നടപടി സാധ്യമല്ലെന്ന് പൊലീസിന് നിയമോപദേശം. തുടർ നടപടി കോടതി തീരുമാനപ്രകാരം മതി എന്നുമാണ് പൊലീസിന് ലഭിച്ച നിയമോപദേശം. അതേസമയം, പൊലീസ് കസ്റ്റഡി മർദ്ദനം ശരിവച്ച് അന്വേഷണ റിപ്പോർട്ട്. കുന്നംകുളം പൊലീസിന്റെ ഇടി അന്നേ കണ്ടെത്തി. ഉദ്യോഗസ്ഥർക്കെതിരെ പേരിന് മാത്രമാണ് നടപടി ഉണ്ടായത്. ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാതെ അന്വേഷിച്ചു. എസ് ഐ ന്യൂമാൻ, സീനിയർ സി.പി.ഒ ശശിധരൻ, സി.പി.ഒ മാരായ സന്ദീപ്, സജീവ് എന്നിവർ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിനെ ക്രൂരമായി മർദിച്ചെന്നും അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു. എ സി പി കെ.സി.സേതുവിന്‍റെ അന്വേഷിച്ച റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് ഡിസിസിയിൽ വെച്ച് സുജിത്തിനെ കാണും. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റുന്നത് വരെ പോരാട്ടം തുടരുമെന്നാണ് സുജിത്ത് വ്യക്തമാക്കിയത്. ശക്തമായ നടപടി എടുക്കാത്ത സാഹചര്യത്തിൽ വരുന്ന 10 ആം തീയതി കുറ്റക്കാരായ പൊലീസുകാർ ജോലി ചെയ്യുന്ന സ്റ്റേഷനുകളിലേക്ക് പ്രതിഷേധവുമായി എത്തുമെന്നാണ് ഡിസിസി പ്രസിഡന്റ് പ്രതികരിച്ചത്.