ന്യൂഡൽഹി: രാജ്യത്തെ പൊലിസ് സ്റ്റേഷനുകളിലെ സിസിടിവികൾ പ്രവത്തിക്കാത്ത സംഭവത്തിൽ സുപ്രിംകോടതി സ്വമേധയാ കേസ് ഫയൽ ചെയ്‌തു. 2025-ൽ 11 കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി സ്വമേധയാ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തത്. കഴിഞ്ഞ ഏഴ് മുതൽ എട്ട് മാസത്തിനിടെ രാജ്യത്ത് കസ്റ്റഡി മരണങ്ങളിൽ ഉണ്ടായ ആശങ്കാജനകമായ വർദ്ധനവ് കാണിച്ചുകൊണ്ട് ദൈനിക് ഭാസ്‌കറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി ഇടപെടൽ.
ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ആണ് വിഷയത്തിൽ നടപടി എടുത്തത്. 2020-ൽ സുപ്രിംകോടതി ജസ്റ്റിസുമാരായ റോഹിൻടൺ ഫാലി നരിമാൻ, കെ.എം. ജോസഫ്, അനിരുദ്ധ ബോസ് എന്നിവർ പുറപ്പെടുവിച്ച ഒരു സുപ്രധാന വിധിന്യായത്തിൽ, രാജ്യത്തുടനീളമുള്ള എല്ലാ പൊലിസ് സ്റ്റേഷനുകളിലും സിസിടിവി സ്ഥാപിക്കൽ നിർബന്ധമാക്കിയിരുന്നു. ഈ സുപ്രധാന വിധിയ്ക്ക് ശേഷം അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഇതിൽ പുതിയ നടപടി ഉണ്ടായിരിക്കുന്നത്.
ദൈനിക് ഭാസ്‌കർ റിപ്പോർട്ട് അനുസരിച്ച് 2025 മുതൽ 8 മാസത്തിനുള്ളിൽ സംസ്ഥാനത്ത് പൊലിസ് കസ്റ്റഡിയിൽ 11 മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദയ്പൂർ ഡിവിഷനിൽ 7 മരണങ്ങൾ സംഭവിച്ചു. ഓഗസ്റ്റിൽ, രാജ്സമന്ദ് ജില്ലയിലെ കാങ്ക്രോളി പൊലിസ് സ്റ്റേഷനിലും ഉദയ്പൂർ ജില്ലയിലെ ഋഷഭ്ദേവ് പൊലിസ് സ്റ്റേഷനിലും രണ്ട് സ്വർണ്ണ വ്യാപാരികൾ കൊല്ലപ്പെട്ടു. എല്ലാ കേസുകളിലും വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയാണ് റിപ്പോർട്ട് തയ്യാറാക്കിട്ടുള്ളത്.