ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. മെസ്സിയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് വെനസ്വേലയെ തോല്‍പ്പിച്ചത്. അര്‍ജന്റീനയ്ക്ക് വേണ്ടി സ്വന്തം രാജ്യത്ത് അവസാന മല്‍സരത്തിന് ഇറങ്ങിയപ്പോള്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി വിങ്ങിപ്പൊട്ടി. ഫുട്‌ബോള്‍ ചരിത്രത്തില്‍ അനശ്വരമായ നിരവധി മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായ ബ്യൂണസ് അയേഴ്‌സില്‍ മെസ്സി തന്റെ മക്കള്‍ക്കൊപ്പമാണ് ഗ്രൗണ്ടിലേക്ക് എത്തിയത്.
അവസാന നിമിഷം വരെയും മെസ്സി കളം നിറഞ്ഞു കളിച്ചപ്പോള്‍ അര്‍ജന്റീന ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചു. സ്‌കോറിങിന് തുടക്കമിട്ട മെസ്സി അവസാന ഗോളും നേടി ഇരട്ട ഗോള്‍ സ്വന്തം പേരില്‍ കുറിച്ച് ഹോം ഗ്രൗണ്ടിലെ വിടവാങ്ങല്‍ മനോഹരമാക്കി. ബ്യൂണസ് അയേഴ്സിലെ ആരാധകരും ചരിത്രമുഹൂര്‍ത്തങ്ങള്‍ വന്‍ ആഘോഷങ്ങളാക്കി മാറ്റി.
അര്‍ജന്റീന നേരത്ത തന്നെ ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് 2026 ഫിഫ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു. അടുത്ത യോഗ്യതാ മല്‍സരത്തില്‍ സെപ്റ്റംബര്‍ 10 ന് അര്‍ജന്റീന ഇക്വഡോറിനെ നേരിടും. അടുത്ത വര്‍ഷം യുഎസ് ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളിലായി അരങ്ങേറുന്ന ലോകകപ്പിന് ശേഷം മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചേക്കും.