പാപ്പിനിശ്ശേരി: ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞുള്ള പരിശോധനയ്ക്കുശേഷം മടങ്ങുമ്പോൾ മുൻ പ്രവാസി വളപട്ടണം പാലത്തിന് മുകളിൽനിന്ന് പുഴയിൽ ചാടി. കീച്ചേരി പമ്പാല സ്വദേശി സി.പി. ഗോപിനാഥൻ (63) ആണ് കുടുംബാംഗങ്ങളെ തള്ളിമാറ്റി പുഴയിൽ ചാടിയത്. അഗ്നിരക്ഷാ സേനയും തീരദേശ പോലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വ്യാഴാഴ്ച വൈകീട്ട് 3.45-നാണ് സംഭവം. ഗോപിനാഥൻ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് മംഗളൂരുവിൽനിന്ന് കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. വ്യാഴാഴ്ച രാവിലെ ആരോഗ്യസംബന്ധമായ ചില അസ്വസ്ഥതകൾ കാരണം കണ്ണൂരിൽ ഡോക്ടറെ കാണാൻ പോയതായിരുന്നു. പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെ പാലത്തിലെ ഗതാഗത കുരുക്കിനിടയിൽ പെട്ടപ്പോൾ ഛർദിക്കണമെന്ന് പറഞ്ഞാണ് കാറിൽനിന്ന് ഇറങ്ങിയത്. ഭാര്യയും മകളും ഒപ്പം ഇറങ്ങിയിരുന്നു. പെട്ടെന്ന് അവരെ തള്ളിമാറ്റി ഞൊടിയിടയിൽ പുഴയിലേക്ക് ചാടുകയായിരുന്നു. ബന്ധുക്കൾ ബഹളം വെച്ചതോടെ നാട്ടുകാർ വളപട്ടണം പോലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു.
സ്ഥലത്തെത്തിയ വളപട്ടണം പോലീസ് ഇൻസ്പെക്ടർ പി. വിജേഷിന്റെ നേതൃത്വത്തിൽ പോലീസും കണ്ണൂരിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയും തീരദേശ പോലീസും സംയുക്തമായി വളപട്ടണം പുഴയിൽ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ടു ദിവസമായി മഴ പെയ്യുന്നതിനാൽ പുഴ കലങ്ങിമറിഞ്ഞതും ശക്തമായ ഒഴുക്കും തിരിച്ചിലിനെ പ്രതിസന്ധിയിലാക്കി. രാത്രിയായതോടെ സേനാവിഭാഗങ്ങൾ തിരച്ചിൽ നിർത്തിവെച്ചു.