ന്യൂഡൽഹി: വാഹനാപകട കേസുകളിൽ നഷ്ടപരിഹാരം കണക്കാക്കുമ്പോൾ പ്രായപൂർത്തിയാകാത്തവരെ വരുമാനമില്ലാത്ത വ്യക്തിയായി കാണക്കാനാകില്ലെന്ന് സുപ്രിംകോടതി. റോഡ് അപകടത്തിൽ ഗുരുതര അംഗവൈകല്യം സംഭവിച്ച ഗുജറാത്തിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത വ്യക്തിയുടെ നഷ്ടപരിഹാര തുക 8.65 ലക്ഷത്തിൽ നിന്ന് 35.90 ലക്ഷമാക്കി ഉയർത്തിയാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരം കേസുകളിൽ പ്രായപൂർത്തിയാകാത്ത വ്യക്തിയെ കേസ് നടക്കുന്ന സംസ്ഥാനത്തെ സർക്കാർ ഒരു വിദഗ്ധ തൊഴിലാളിക്ക് നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വേതനത്തിന് തുല്യമായ വേതനം നേടുന്നയാളായി കണക്കാക്കണം. വാഹന അപകടത്തിൽ മരണമോ സ്ഥിരമായ വൈകല്യമോ അനുഭവിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടി അപകട സമയത്ത് ജോലിയിൽ ഏർപ്പെട്ടിട്ടില്ലാത്തതിന്റെ പേരിൽ നഷ്ടപരിഹാരതുക വിലയിരുത്തുമ്പോൾ വരുമാനം ലഭിക്കാത്ത വ്യക്തിയുടെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും ബെഞ്ച് വിധിച്ചു.
അവകാശിയുടെയോ മരിച്ചയാളുടെയോ വരുമാനം ശരിയായി സ്ഥാപിച്ചിട്ടില്ലാത്ത കേസുകളിൽ കേസ് നടക്കുന്ന സംസ്ഥാനത്തെ മിനിമം വേതനത്തിന്റെ ഷെഡ്യൂൾ നൽകേണ്ടത് ഇൻഷുറൻസ് കമ്പനിയുടെ ബാധ്യതയാണെന്നും കോടതി വ്യക്തമാക്കി. ഈ തീരുമാനം എല്ലാ ഹൈക്കോടതികളിലേക്കും അയക്കണമെന്നും ഓരോ ഹൈക്കോടതികളും സംസ്ഥാനത്തെ എല്ലാ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലുകൾക്കും പകർപ്പുകൾ അയയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.