ബെംഗളൂരു: മലയാളി യുവാക്കൾ അടക്കം രാജ്യാന്തര ലഹരികടത്ത് സംഘത്തിലെ 6 പേർ ദില്ലി പൊലീസ് പിടിയിൽ. ദില്ലിയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമായാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് 21 കോടിരൂപ വിലവരുന്ന 7 കിലോ മെത്താംഫെറ്റാമൈനാണ് പിടികൂടിയത്. മലയാളികളായ എ എം സുഹൈൽ, കെ എസ് സുജിൻ, നൈജീരിയൻ പൗരൻമാർ, ബെംഗളൂരു സ്വദേശികളായ ദമ്പതികൾ എന്നിവരെയാണ് ദില്ലി പൊലീസ് പിടികൂടിയത്. ദില്ലിയിൽ നിന്ന് ബെംഗളൂരു, കേരളത്തിലെ മിക്ക നഗരങ്ങളിലേക്കും ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് പൊലീസ് വിശദമാക്കുന്നത്. മലയാളികളായ സുഹൈലും സുജിനും ചേർന്നാണ് ലഹരിസംഘം ബെംഗളൂരുവിൽ നടത്തിയിരുന്നതെന്നാണ് റിപ്പോർട്ട്. പിടിയിലായ ബെംഗളൂരു സ്വദേശികളായ ദമ്പതികൾക്കും സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മുഹമ്മദ് സഹീദ് എന്ന ഫിറോജ്, ഭാര്യ സുഹ ഫാത്തിമ എന്നിവരാണ് പിടിയിലായ ദമ്പതികൾ. മയക്കുമരുന്നിന് അടിമയായ ആദ്യ ഭർത്താവ് വഴിയാണ് ഫാത്തിമ ലഹരിമരുന്ന് വ്യാപാരത്തിലേക്ക് എത്തിയത്. സഹീദിനെ പുനർവിവാഹം ചെയ്ത ശേഷം, ദമ്പതികൾ സുഹൈലുമായി ചേർന്ന് ഇടപാടുകൾ നടത്തുകയായിരുന്നു.
ദില്ലി, ബെംഗളൂരു, കേരളം തുടങ്ങി സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ശക്തമായ ഒരു വിതരണ ശൃംഖല പിടിയിലായ ലഹരി സിൻഡിക്കേറ്റിനുണ്ടായിരുന്നുവെന്നും നൈജീരിയൻ സ്വദേശികളാണ് ലഹരിമരുന്ന് ഇവക്ക് വിതരണം ചെയ്തിരുന്നതെന്നും പൊലീസ് വിശദമാക്കുന്നത്. വിദ്യാർഥികൾ, ഐടി പ്രൊഫഷനലുകൾ, യുവാക്കൾ എന്നിവരെയാണ് ഈ ലഹരി സിൻഡിക്കേറ്റ് ലക്ഷ്യമിട്ടതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ക്രൈം ബ്രാഞ്ച്) ഹർഷ് ഇന്തോറ വിശദമാക്കിയത്.