തൃശൂർ: കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ എസ്.ഐ ഉള്‍പ്പെടെ നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പൊലിസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ, ഉത്തരമേഖല ഐജി രാജ്പാൽ മീനയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അച്ചടക്ക നടപടികൾ പുനഃപരിശോധിക്കാനും അദ്ദേഹം നിർദേശിച്ചിരുന്നു. എസ്ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
കോടതി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ സസ്പെൻഷൻ അനിവാര്യമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖറിന് നിയമോപദേശം ലഭിച്ചതിനെ തുടർന്ന് വകുപ്പുതല നടപടികൾ തുടരാമെന്നും വ്യക്തമായിരുന്നു. ഇതോടെയാണ് പൊലിസുകാരെ സസ്പെന്റ് ചെയ്തത്.
സംഭവത്തിൽ കോൺഗ്രസ് പാർട്ടി സുജിത്തിനെ പിന്തുണ പ്രഖ്യാപിക്കുകയും പ്രതികളായ പൊലിസുകാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധയിടങ്ങളിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിരുന്നു. ഹൈക്കോടതിയെ സമീപിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചിരുന്നു. നേരത്തേ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് തൃശൂർ ജില്ലാ പൊലീസ് മേധാവിയോട് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
2023 ഏപ്രിൽ 5-നാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ പൊലിസ് കസ്റ്റഡിയിലെടുക്കുന്നത്. സ്റ്റേഷനിലെത്തിച്ച ശേഷം അഞ്ച് പൊലിസുകാർ ചേർന്ന് ക്രൂരമായി മർദിച്ചുവെന്നാണ് ആരോപണം. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി. സുജിത്തിന്റെ പറയുന്നതനുസരിച്ച്, കാലിനടിയിൽ ലാത്തികൊണ്ട് 45-ലധികം അടികൾ, ചെവിക്കടിയിൽ പ്രഹരം മൂലം ശ്രവണ ശേഷി നഷ്ടപ്പെടൽ, സിസിടിവി ഇല്ലാത്ത മുറിയിൽ വെച്ചും കൂടുതൽ ക്രൂരമായ മർദനം എന്നിവയുണ്ടായി. പ്രഹരത്തിനു ശേഷം എഴുന്നേറ്റ് ചാടാനും നിർബന്ധിച്ചു. മർദനത്തെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടി. ഇപ്പോഴും 0.5% കേൾവിശക്തി നഷ്ടപ്പെട്ട നിലയിലാണ് സുജിത്ത്.
മർദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ നൽകാൻ പൊലിസ് ആദ്യം വിസമ്മതിച്ചിരുന്നു. വിവരാവകാശ കമ്മീഷന്റെ ഇടപെടലോടെയാണ് രണ്ടു വർഷത്തിനു ശേഷം ദൃശ്യങ്ങൾ പുറത്തുവന്നത്. ദൃശ്യങ്ങളിൽ സുജിത്തിനെ ജീപ്പിൽ നിന്ന് വലിച്ചിഴച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതും മർദിക്കുന്നതും വ്യക്തമാണ്.
കേസ് ഒത്തുതീർക്കാൻ പൊലിസ് നേരിട്ടും ഇടനിലക്കാർ വഴിയും ശ്രമിച്ചുവെന്ന് സുജിത്ത് ആരോപിക്കുന്നു. 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തു. എന്നാൽ, സുജിത്ത് വഴങ്ങിയില്ല. പൊലിസിന്റെ രാഷ്ട്രീയ പ്രേരിത നടപടിയാണിതെന്നും, യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളിലെ സജീവത മൂലമാണ് മർദനമെന്നും അദ്ദേഹം പറയുന്നു. മുൻപ് റൗഡി ലിസ്റ്റിലും ഉൾപ്പെടുത്താൻ ശ്രമിച്ചിരുന്നു.