ഗസ്സ സിറ്റി: പട്ടിണിയും പോഷാകാഹാരക്കുറവും മൂലം ഫലസ്തീനിലെ പ്രമുഖ അക്കാദമീഷ്യനും എഴുത്തുകാരനും കവിയുമായ ഉമർ ഹർബ് അന്തരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അന്ത്യം. താൽക്കാലികമായി നിർമ്മിച്ച ടെന്റിൽ വേണ്ടത്ര ഭക്ഷണവും മരുന്നും ലഭിക്കാതെയായിരുന്നു മരണം. ഏതാനും ആഴ്ചകളായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു.
വംശഹത്യ തുടരുന്ന ഇസ്രായേൽ ഏർപ്പെടുത്തിയ ഭക്ഷ്യ ഉപരോധത്തെ തുടർന്നുള്ള കൊടും പട്ടിണിയും പോഷകാഹാരക്കുറവുമാണ് അർബുദ രോഗികൂടിയായ അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ ബാധിച്ചത്. ഇതേതുടർന്ന് വൈദ്യസഹായവും ലഭിക്കാതെ ആരോഗ്യസ്ഥിതി അതീവഗുരുതരാവസ്ഥയിലാവുകയായിരുന്നു. 2023 ഒക്ടോബറിൽ ഉമറിന് ഏകദേശം 120 കിലോഗ്രാം ഭാരമുണ്ടായിരുന്നു. എന്നാൽ അവസാനമായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട സമയത്ത് അദ്ദേഹത്തിന്റെ ഭാരം 40 കിലോഗ്രാമിൽ താഴെയായിരുന്നു. പഴയതും പുതിയതുമായ എന്റെ ചിത്രങ്ങൾ കണ്ടപ്പോൾ ഇത് രണ്ടും ഞാൻ തന്നെയാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം അൽ ജസീറയുമായുള്ള അഭിമുഖത്തിൽ പറഞ്ഞിരുന്നു.
എന്തുകൊണ്ടാണ് ഞങ്ങൾ ഈ അവസ്ഥയിലെത്തിയതെന്ന് അറിയില്ല. ആളുകൾ കഷ്ടപ്പെടുകയാണ്. പക്ഷേ ആരുടെയും കഷ്ടപ്പാടുകൾ ആരും ശ്രദ്ധിക്കുന്നില്ല. ഞങ്ങളെല്ലാവരും ദൈവത്തിന്റെ സഹായത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭക്ഷണം, മരുന്ന്, ചികിത്സ, പുതിയ വീൽചെയർ എന്നിവക്ക് വേണ്ടി അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. പക്ഷേ അതൊന്നും അദ്ദേഹത്തിന് സമയത്തിന് ലഭിച്ചിട്ടില്ല. സൈക്കോളജിയിൽ നിരവധി ബിരുദങ്ങൾ നേടിയ ഉമർ ഈജിപ്തിലെ പ്രശസ്തമായ അൽ-അസ്ഹർ സർവകലാശാലയിലെ ബിരുദധാരിയാണ്.
ഇസ്രായേലിന്‍റെ ഗസ്സ വംശഹത്യ ആരംഭിക്കുന്നതുവരെ അദ്ദേഹം സജീവമായിരുന്നു. ഇസ്രായേൽ ഉപരോധത്തിൽ കഷ്ടപ്പെടുന്ന ആളുകൾക്ക് മാനസിക പിന്തുണ നൽകുകയും വിവിധ പ്രാദേശിക പരിപാടികളിൽ പതിവായി പങ്കെടുക്കുകയും ചെയ്തിരുന്നു. ഗസ്സ വംശഹത്യയിൽ 26 കുടുംബാംഗങ്ങളെ അദ്ദേഹത്തിന് നഷ്ടപ്പെട്ടിട്ടുണ്ട്.
അദ്ദേഹത്തിന്റെ മരണത്തെ ‘വിദ്യാഭ്യാസത്തിന്‍റെ മരണം’ എന്നാണ് ചിലർ വിശേഷിപ്പിച്ചത്. ഗസ്സയിലെ ഏറ്റവും മിടുക്കരായ ആളുകളും ഭാവി നേതാക്കളും ഓരോ ദിവസവും പട്ടിണി മൂലം മരിക്കുകയാണ്. ഇതാണ് വംശഹത്യയെന്ന് അമേരിക്കൻ മുസ്‌ലിംസ് ഫോർ ഫലസ്തീൻ പറഞ്ഞു