മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യാനായർക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ. ഓസ്ട്രേലിയിയലെ മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് സംഭവം. രാജ്യത്തിന്റെ ജൈവ സുരക്ഷാ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നവ്യക്ക് പിഴ ചുമത്തിയത്.
വിക്ടോറിയയിൽ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓണപ്പരിപാടിയിൽ പങ്കെടുക്കാനായാണ് നവ്യാ നായർ ഓസ്ട്രേലിയയിലേക്ക് പോയത്. ഈ പരിപാടിക്കിടിയാണ് വിമാനത്താവളത്തിൽവെച്ചുണ്ടായ ഈ അനുഭവം നവ്യ വ്യക്തമാക്കിയത്. മുല്ലപ്പൂ കൊണ്ടുപോകാൻ പാടില്ലെന്ന നിയമം തനിക്ക് അറിയില്ലായിരുന്നുവെന്നും അറിവില്ലായി ഒഴികഴിവല്ലെന്നു നവ്യ പറഞ്ഞു. 1980 ഓസ്ട്രേലിയൻ ഡോളർ(ഏകദേശം ഒന്നേകാൽ ലക്ഷം ഇന്ത്യൻ രൂപ) ആണ് പിഴ ഈടാക്കിയത്.
ഇങ്ങോട്ട് വരുന്നതിന് മുമ്പ് എന്റെ അച്ഛനാണ് എനിക്ക് മുല്ലപ്പൂ വാങ്ങിത്തന്നത്. അത് രണ്ട് കഷ്ണമാക്കി മുറിച്ചാണ് തന്നത്. കൊച്ചി മുതൽ സിങ്കപ്പൂർ വരെ ഒരു കഷ്ണവും മുടിയിൽ അണിയാൻ അച്ഛൻ പറഞ്ഞു.
സിങ്കപ്പൂരെത്തുമ്പോഴേക്ക് അത് വാടിപ്പോകും. സിങ്കപ്പൂരിൽ നിന്ന അണിയാനായി രണ്ടാമത്തെ കഷ്‌ണം ഹാൻഡ് ബാഗിൽ വെക്കാനും പറഞ്ഞു. ഒരു ക്യാരിബാഗിലാക്കി ഞാൻ അത് എന്റെ ഹാൻഡ് ബാഗിൽ വെച്ചു' എന്ന് നവ്യ പറഞ്ഞു.
ഞാൻ ചെയ്തതത് നിയമവിരുദ്ധമായ കാര്യമായിരുന്നു. അറിയാതെ ചെയ്ത തെറ്റ്. അറിവില്ലായ്‌മ ഒഴികഴിവല്ല എന്ന് അറിയാം . 15 സെന്റീമീറ്റർ മുല്ലപ്പൂ കൊണ്ടുവന്നതിന് അധികൃതർ എന്നോട് 1980 ഡോളർ പിഴയടക്കാനാണ് ആവശ്യപ്പെട്ടത്. തെറ്റ് തെറ്റ് തന്നെയാണ് എന്ന് എനിക്കറിയാം. പക്ഷേ മനഃപൂർവമായിരുന്നില്ല.28 ദിവസത്തിനകം പിഴയടക്കണമെന്നാണ് അവർ എന്നോട് പറഞ്ഞതെന്നും നവ്യ പറഞ്ഞു.
തിരുവോണ ദിനത്തിലായിരുന്നു നവ്യ ഓസ്ട്രേലിയയിലേക്ക് പോയത്. താൻ മെൽബണിലേക്ക് പോകുന്ന കാര്യം അറിയിച്ച് താരം സോഷ്യൽ മീഡിയയിൽ ഫോട്ടോയും പോസ്റ്റും പങ്കുവെക്കുകയും ചെയ്‌തിരുന്നു.