ഏഷ്യാ കപ്പ് പുരുഷ ഹോക്കിയിൽ ഇന്ത്യ – കൊറിയ ഫൈനൽ മത്സരത്തിൽ നിന്ന്. (Photo: Hockey India)
രാജ്ഗീർ (ബിഹാർ) ∙ ഏഷ്യാ കപ്പ് പുരുഷ ഹോക്കിയിൽ ഇന്ത്യ ജേതാക്കൾ. ഫൈനലിൽ 4–1 ന് നിലവിലെ ചാംപ്യന്മാരായ കൊറിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്. ഏഷ്യാ കപ്പ് ജേതാക്കളായതോടെ അടുത്ത വർഷത്തെ ലോകകപ്പ് ഹോക്കിക്ക് ഇന്ത്യ യോഗ്യത നേടി. അടുത്തവർഷം ഓഗസ്റ്റ് 14 മുതൽ 30 വരെ ബൽജിയത്തിലും നെതർലൻഡ്സിലുമായാണ് പുരുഷ ഹോക്കി ലോകകപ്പ്. എട്ടു വർഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കി ചാംപ്യന്മാരാകുന്നത്. ഇന്ത്യയുടെ നാലാം ഏഷ്യാ കപ്പ് കിരീടമാണിത്. 2003, 2007, 2017 എഡിഷനുകളിലായിരുന്നു ഇതിനു മുൻപ് ഇന്ത്യയുടെ കിരീടനേട്ടം.
ആവേശകരമായ ഫൈനൽ മത്സരത്തിൽ, ദിൽപ്രീത് സിങ് (28,54 മിനിറ്റുകൾ), സുഖ്ജീത് സിങ് (ഒന്നാം മിനിറ്റ്), അമിത് രോഹിദാസ് (50) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകൾ നേടിയത്. 51–ാം മിനിറ്റിൽ ഡെയ്ൻ സണിലൂടെ ഒരു ഗോൾ മടക്കാനേ കൊറിയയ്ക്കായുള്ളൂ.
മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇന്ത്യ കൊറിയയെ നിഷ്പ്രഭമാക്കി. മത്സരം ആരംഭിച്ച് ആദ്യ മിനിറ്റിൽ തന്നെ സുഖ്ജീത് സിങ്ങിന്റെ ഉജ്വല ഗോളിൽ ഇന്ത്യ മുന്നിലെത്തി. പിന്നാലെ ലീഡ് ഉയർത്താനുള്ള അവസരം ജുഗ്‌രാജ് പെനാൽറ്റി പാഴാക്കിയതിലൂടെ ഇന്ത്യ നഷ്ടപ്പെടുത്തി.
ആദ്യ പകുതിയുടെ രണ്ടാം ക്വാർട്ടറിൽ ദിൽപ്രീത് സിങ്ങിലൂടെ ഇന്ത്യ ലീഡുയർത്തി. ആദ്യ പകുതി അവസാനിക്കുമ്പോൾ കൊറിയയ്‌ക്കെതിരെ 0–2 ന് ഇന്ത്യ മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ ദിൽപ്രീത് സിങ് ഇന്ത്യയ്‌ക്കായി മൂന്നാം ഗോളും നേടി. പിന്നാലെ അമിത് രോഹിദാസിലൂടെ വീണ്ടും ഇന്ത്യ ലീഡ് ഉയർത്തി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ കൊറിയയുടെ ഡെയ്ൻ സൺ ഒരു ഗോൾ മടക്കി.
ടൂർണമെന്റിലെ 6 മത്സരങ്ങളിൽ ഒന്നുപോലും തോൽക്കാതെയാണ് ഹർമൻപ്രീത് സിങ് നായകനായ ഇന്ത്യൻ ടീമിന്റെ കിരീടധാരണം. 5 മത്സരങ്ങളിൽ ജയിച്ച ഇന്ത്യ ഒരു കളിയിൽ സമനില വഴങ്ങി. പൂൾ മത്സരങ്ങൾ മൂന്നും ജയിച്ച ഇന്ത്യ സൂപ്പർ ഫോർ റൗണ്ടിൽ ചൈനയെയും മലേഷ്യയെയും കീഴടക്കി. ദക്ഷിണ കൊറിയയോട് 2–2 സമനില പിടിച്ചു. ഫൈനലിൽ അതേ കൊറിയയ്‌ക്കെതിരെ 4 ഗോളുകളടിച്ച് കപ്പ് സ്വന്തമാക്കുകയും ചെയ്തു