മുക്കം : നാട്ടിലിറങ്ങുന്ന കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവായതോടെ നായാട്ടിനൊരുങ്ങി മുക്കം നഗരസഭ. എംപാനൽ ഷൂട്ടർമാർക്ക് കാട്ടുപന്നികളെ പിടികൂടാൻ സാധിക്കാത്ത പശ്ചാത്തലത്തിൽ വേട്ടനായകളെ ഉപയോഗിച്ച് അംഗീകൃത ഷൂട്ടർമാരുടെ നേതൃത്വത്തിലാണ് നായാട്ടിനൊരുങ്ങുന്നത്.
ഒരുദിവസം പരമാവധി രണ്ടുകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നായാട്ട് നടത്താനാകുമെന്നാണ് നായാട്ടുസംഘത്തിന്റെ അഭിപ്രായം. നഗരസഭയിലെ രണ്ടുകേന്ദ്രങ്ങൾ നിശ്ചയിക്കുന്നതിനായി വ്യാഴാഴ്ച മണാശ്ശേരിയിൽ കർഷകരുടെയും നഗരസഭാ അധികൃതരുടെയും യോഗം ചേരും. കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ ഒന്നിന് ആയിരം രൂപയും സംസ്കരിക്കാൻ 1500 രൂപയുമാണ് നഗരസഭ നൽകുക.
മലയോരമേഖലയിലെ കാട്ടുപന്നിശല്യം അതിരൂക്ഷമായ കോടഞ്ചേരി ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ നേരത്തേ കാട്ടുപന്നികളെ പിടികൂടാൻ നായാട്ട് നടത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം ഒട്ടേറെ കർഷകരുടെ വാഴയും കപ്പയും ചേനയും തെങ്ങിൻതൈകളും കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു. ശല്യം രൂക്ഷമായതോടെ ഒട്ടേറെ കർഷകർ കൃഷി ഉപേക്ഷിക്കുകയും മറ്റുപലരും കൃഷി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലുമാണ്. മുക്കം നഗരസഭയിലെ മണാശ്ശേരി, കച്ചേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷമാണ്.
മുക്കം നഗരസഭയ്ക്കുപുറമേ കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലും കാട്ടുപന്നിശല്യം രൂക്ഷമാണ്. പകൽസമയത്തുപോലും കൂട്ടമായെത്തുന്ന കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് നോക്കിനിൽക്കേണ്ട അവസ്ഥയാണെന്ന് കർഷകർ പറയുന്നു. വാഴ, ചേമ്പ്, മധുരക്കിഴങ്ങ് തുടങ്ങി ഒന്നുംകൃഷിചെയ്യാനാവുന്നില്ലെന്ന് മണാശ്ശേരി നെറ്റിലാംപുറത്ത് വിനോദ് പറയുന്നു