കോഴിക്കോട്: നേപ്പാളിലെ സംഘര്‍ഷബാധിത മേഖലകളില്‍ കുടുങ്ങിയവരില്‍ കോഴിക്കോട് നിന്നുള്ള നാല്‍പ്പതംഗ സംഘവും. മുക്കം, കൊടുവള്ളി ഭാഗത്തുള്ളവരാണ് ഇവിടെ കുടുങ്ങിയത്. സംഘര്‍ഷത്തിനിടെ റോഡുകളില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചതിനാല്‍ ഇവരുടെ വാഹനത്തിന് മുന്നോട്ടുപോകാനാവുന്നില്ല.
സെപ്റ്റംബര്‍ ഏഴിനാണ് സംഘം നേപ്പാളിലെത്തിയത്. കാഠ്മണ്ഡുവിലേക്ക് പോകുന്നതിനിടെയാണ് സംഘര്‍ഷത്തെക്കുറിച്ച് ഇവര്‍ അറിയുന്നത്. ഗൗഷാലയിലാണ് ഇവര്‍ നിലവില്‍ ഉള്ളത്.
സമൂഹ മാധ്യമങ്ങളെ നിരോധിച്ചതിന് പിന്നാലെ നേപ്പാളില്‍ ആരംഭിച്ച പ്രക്ഷോഭം രണ്ടാംദിവസം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. പ്രക്ഷോഭകര്‍ അക്രമാസക്തരായതിനെ തുടര്‍നന് തലസ്ഥാനമായ കാഠ്മണ്ഡു ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയുടെ രാജി പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു.
പ്രക്ഷോഭങ്ങള്‍ക്കിടെ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി രാജ്യം വിടാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ദുബായ്‌ലേക്ക് പോകാനാണ് ശ്രമം. ഇതിനായി എയര്‍ലൈന്‍സ് സജ്ജമായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെപ്യൂട്ടി പ്രധാനമന്ത്രിക്ക് ശര്‍മ്മ ഒലി തന്റെ ചുമതലകള്‍ കൈമാറി. അതേസമയം പ്രതിഷേധത്തെ തുടര്‍ന്ന് മൂന്ന് മന്ത്രിമാരാണ് നേപ്പാളില്‍ രാജിവെച്ചത്. ആഭ്യന്തര മന്ത്രി രമേശ് ലേഖക്, ആരോഗ്യമന്ത്രി പ്രദിപ് പൗഡേല്‍, കൃഷി മന്ത്രി രാം നാഥ് അധികാരി എന്നിവരാണ് രാജിവെച്ചത്. ഇതിനിടെ ശര്‍മ്മ ഒലി സര്‍വകക്ഷിയോഗം വിളിച്ചു. പ്രധാനമന്ത്രി രാജിവെച്ചേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. പ്രക്ഷോഭത്തില്‍ ഇതുവരെ 19 പേരാണ് മരിച്ചത്. ഇതില്‍ 12 വയസുള്ള കുട്ടിയുമുണ്ട്. 300 ലധികം പേര്‍ക്കാണ് പരിക്കേറ്റത്.
അതിനിടെ, ഇന്നലെ രാത്രിയോടെ നേപ്പാളില്‍ സമൂഹമാധ്യമ നിരോധനം പിന്‍വലിച്ചിരുന്നു. ദേശീയ സുരക്ഷ പേരിലുള്ള സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരായ ജെന്‍ സികളുടെ പ്രക്ഷോഭം നേപ്പാളിലാകെ കത്തിപ്പടര്‍ന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ എത്തിയത്.